ജാതിമത ഭേദമന്യേ പാവങ്ങള്‍ക്ക് സ്നേഹക്കൂട് ഒരുക്കുകയാണ് ആലപ്പുഴ അരൂരിലെ അല്‍ റഹ്മ ചാരിറ്റബിള്‍ ട്രസ്റ്റ്. നിരാലംബരായ 12 കുടുംബങ്ങള്‍ക്കാണ് ഇവര്‍ വീടുനിര്‍മിച്ചു നല്‍കിയത്.
ചന്തിരൂര്‍ മാര്ക്കണ്ടേഴത്ത് അന്‍സിലയും എരമല്ലൂര്‍ സ്വദേശി സുലോചനയും ചന്തിരൂരുകാരി സുനിതയും ഇനി അയല്‍വാസികളാണ്. ഈ മൂന്നുനില കെട്ടിടത്തില്‍ 12 കുടുംബങ്ങളാണ് അന്തിയുറങ്ങുന്നത്. സ്വസ്ഥതയോടെ, സമാധാനത്തോടെ. ജീവിതത്തിന്റെ ദുരിതങ്ങളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ വീടെന്നത് ഇവര്‍ക്ക് സ്വപ്നംമാത്രമായിരുന്നു. ആ സ്വപ്നമാണ് അല്‍ റഹ്മ ചാരിറ്റബിള്‍ ട്രസ്റ്റ് യാഥാര്‍ഥ്യമാക്കിയത്. ചന്തിരൂരിലെ ഇരുപത് സെന്റ് സ്ഥലത്താണ് കെട്ടിടസമുച്ചയം. വീടിനായി ലഭിച്ച നാനൂറ് അപേക്ഷകരില്‍നിന്ന് ഏറ്റവും അര്‍ഹരായ 12 പേരെയാണ് കണ്ടെത്തിയത്. ഇതില്‍തന്നെ മുന്‍ഗണന വിധവകള്‍ക്കും നല്കി.
ചന്തിരൂരിലെ വ്യവസായികളുടെ കൂട്ടായ്മയിലാണ് മൂന്നുവര്‍ഷം മുമ്പ് ട്രസ്റ്റ് രൂപീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് 12 കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ദാനം നിര്‍വഹിച്ചത്. രണ്ടാമതായി പണിയുന്ന കെട്ടിടസമുച്ചയത്തിനും ട്രസ്റ്റ് തറക്കല്ലിട്ടുകഴിഞ്ഞു.