ചെങ്ങന്നൂര്‍ നഗരസഭാ പരിധിയില്‍ മാലിന്യപ്രശ്നം അതിരൂക്ഷമാകുന്നു. കൃത്യമായ സംസ്കരണ സംവിധാനമില്ലാതെ, സ്റ്റേഡിയത്തില്‍ തള്ളുന്ന മാലിന്യം നാട്ടുകാര്‍ക്ക് ദുരിതമായിരിക്കുകയാണ്. നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും നഗരസഭ തിരിഞ്ഞു നോക്കുന്നുമില്ല.
ചെങ്ങന്നൂര്‍ നഗരസഭാ പരിധിയിലെ മാലിന്യം മുഴുവന്‍ കുമിഞ്ഞുകൂടുന്ന സ്ഥലമാണിത്. നഗരസഭയുടെ മാലിന്യംതള്ളല്‍ കേന്ദ്രം. പക്ഷേ നഗരസഭയുടെതന്നെ സ്റ്റേഡിയത്തിലാണ് ഈ മാലിന്യംമുഴുവന്‍ തള്ളുന്നത്. മാലിന്യത്തിന് മുകളില്‍ ഓരോ ഘട്ടത്തിലും മണ്ണിട്ട് മൂടുമെന്നാണ് അധികൃതല്‍ നാട്ടുകാര്‍ക്ക് നല്‍കിയിരുന്ന ഉറപ്പ്. പക്ഷേ ഇത് പലപ്പോഴും ലംഘിക്കപ്പെട്ടതോടെ നാട്ടുകാര്‍ കോടതിയെ സമീപിച്ചു. അനുകൂല വിധിയുണ്ടായിട്ടും നടപടിയുണ്ടായില്ല.
ദുര്‍ഗന്ധം പരക്കുന്നതിന് പുറമേ മാലിന്യക്കൂമ്പാരത്തില്‍നിന്ന് നായ്ക്കളും പക്ഷികളും പ്രദേശംമുഴുവന്‍ മാലിന്യാവശിഷ്ടങ്ങള്‍ നിരത്തിയിടുന്നതും പ്രശ്നമാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും ചെങ്ങന്നൂര്‍ സ്റ്റേഡിയത്തിലെ മാലിന്യത്തിന് മുകളില്‍ മണ്ണിടാന്പോലും അധികൃതര്‍ തയാറാകുന്നില്ല.