വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവരെ ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ അധിക്ഷേപിച്ചതായി ആരോപണം. ആലപ്പുഴ തിരുവന്‍വണ്ടൂരിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന നാല് കുടുംബങ്ങളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഇത്തരത്തില്‍ പെരുമാറാന്‍ പാടുണ്ടോയെന്നാണ് ഇവരുടെ ചോദ്യം. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ നന്നാട് ഭാഗത്ത് താമസിക്കുന്ന നാല് കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നത്. പത്ത് കുട്ടികളടക്കം പത്തൊന്‍പതുപേരാണ് ക്യാംപിലുള്ളത്. ക്യാംപിലെത്തിയ ഉദ്യോഗസ്ഥന് അധിക്ഷേപിച്ചുവെന്ന് ആരോപണം ഉയര്‍ന്നതോടെ ഡപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ വീണ്ടുമെത്തി.
ക്യാംപിലുള്ളവരെ അധിക്ഷേപിക്കാനല്ല തഹസില്‍ദാര്‍ ശ്രമിച്ചതെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. തിരിച്ചുപോകാന്‍ തഹസില്‍ദാര്‍ നിര്‍ദേശിച്ച ഇവരുടെ വീടുകളുടെ സ്ഥിതികൂടി കാണണം. വരട്ടാറിന്റെ തീരത്ത് ഇപ്പോഴും വെള്ളക്കെട്ടും ചെളിയും നിറഞ്ഞ ഭാഗത്താണ് നാല് വീടുകളുമുള്ളത്. ചെളി നിറഞ്ഞ, പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൂരകള്‍ കാണാന്‍പോലും ഉദ്യോഗസ്ഥര്‍ തയാറായില്ല.