തെക്കൻ കേരളത്തിലും ചെറിയ പെരുന്നാളിന്റെ ആഹ്ളാദ നിറവ്. രാവിലെ മുതൽ പെയ്ത മഴയിൽ ഈദ്ഗാഹുകൾ ഒഴിവാക്കി പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു പെരുന്നാൾ നമസ്കാരം. തിരുവനന്തപുരം പാളയം ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഇമാം വി പി സുഹൈബ് മൗലവി നേതൃത്വം നല്കി.
തഖ്ബീർ ധ്വനികൾ കൊണ്ട് മുഖരിതമായിരുന്നു പള്ളികൾ. കനത്ത മഴയെ വകവയ്ക്കാതെ ആയിരങ്ങൾ പെരുന്നാൾ നമസ്കാരത്തിനെത്തി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്താറുള്ള വിപുലമായ ഈദ്ഗാഹ് മഴകാരണം ഒഴിവാക്കിയതോടെ പാളയം പള്ളി വിശ്വാസികളെക്കൊണ്ട് നിറഞ്ഞു.
മണക്കാട് വലിയ പള്ളിയിലും വഴുതക്കാട് ജുമാ മസ്ജിദിലും പെരുന്നാൾ നമസ്കാരം നടന്നു. കൊല്ലം വലിയപള്ളിയിലും കൊല്ലൂർവിള ജുമാ മസ്ജിദിലും പത്തനംതിട്ട ടൗൺ മസ്ജിദിലും നടന്ന ചെറിയപെരുന്നാൾ പ്രാർഥനകളിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു.