ഹെൽമറ്റ് വയ്ക്കാത്തതിന് പിഴയടപ്പിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ജില്ലാ പഞ്ചായത്ത് അംഗം ഭീഷണിപ്പെടുത്തിയതായി പരാതി. പാറശാല ആർ. ടി ഒാഫീസിലെ എം.അൻവറാണ് പാറശാല ഡിവിഷ·ൻ അംഗം ബെൻ ഡാർവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതിയ്ക്കിടയാക്കിയ സംഭവം. മുണ്ടപ്ലാവിള എന്ന സ്ഥലത്ത് അൻവറിന്റ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതിനിടെ ഡി.വൈ.എഫ്.െഎ നേതാവ് കൂടിയായ ബെൻ ഡാർവിൻ ഹെൽമറ്റ് വയ്ക്കാതെ വന്നു. നൂറുരൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആദ്യം വിസമ്മതിച്ചു. താൻ ജില്ലാ പഞ്ചായത്തംഗമാണന്നും പെട്ടെന്ന് പോകേണ്ട ആവശ്യമുണ്ടെന്നുമായിരുന്നു മറുപടി. നിർബന്ധം പിടിച്ചതോടെ പിഴയടയ്ക്കാൻ തയാറായെങ്കിലും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. പിന്നീട് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഫോണിൽ വിളിച്ച് തനിയ്ക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ വിവരം അറിയുമെന്ന് മുന്നറിയിപ്പ് നൽകിയതായും അൻവർ പറയുന്നു. തുടർന്നും വധഭീഷണിയുണ്ടായ സാഹചര്യത്തിലാണ് പാറശാല പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. അതേസമയം ഗതാഗത നിയമം അനുസരിച്ച് പിഴയടച്ചെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണന്നുമാണ് ബെൻഡാർവിന്റ വിശദീകരണം.
പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിട്ടില്ല. പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണന്നായിരുന്നു പൊലീസിന്റ മറുപടി.