തിരുവല്ലയ്ക്ക് സമീപം കുറ്റൂര്‍ പഞ്ചായത്തിലെ തെങ്ങേലിയില്‍ കരമണല്‍ ഖനനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പൊലീസ് സംരക്ഷണത്തോടെ ഖനനത്തിനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
ജനവാസ കേന്ദ്രത്തിന് നടുവില്‍ വലിയ പമ്പ് സെറ്റ് ഉപയോഗിച്ച് മണലൂറ്റ് തുടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലീസ് സംരക്ഷ
ണത്തോടെ മണലൂറ്റ് നടത്താനായിരുന്നു സ്ഥലമുടമയുടെ നീക്കം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല സി.ഐയും എസ്.ഐയും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. പഞ്ചായത്ത് അറിയാതെ തുടങ്ങിയ മണല്‍ ഖനനം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും.
അറസ്റ്റ് ചെയ്ത് നീക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ സി.ഐ. ടി.രാജപ്പന് ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. ഒടുവില്‍ കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കുന്നതിന് ആളുകളെ ഉപയോഗിച്ച് മണല്‍വാരുന്നതിന് നാട്ടുകാര്‍ താല്‍ക്കാലികമായി സമ്മതിച്ചു. മണല്‍ കൊണ്ടുപോകുന്നതിനോ യന്ത്രവല്‍കൃത മണലൂറ്റ് നടത്തുന്നതിനോ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍ . ഈ മാസം ഇരുപത്തിരണ്ടിന് കോടതിയെ സമീപിക്കാനാണ് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും തീരുമാനം. മൂന്നുവര്‍ഷം മുന്‍പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ മണല്‍ ഖനനം വീണ്ടും ആരംഭിക്കുന്നത് പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.