പുതുക്കിയ ഡ്രൈവിങ് പരീക്ഷാരീതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂൾ തൊഴിലാളികളുടെ പ്രതിഷേധം. ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിൽ പൊങ്കാലയിട്ടും ശയനപ്രദക്ഷിണം നടത്തിയുമാണ് പ്രതിഷേധമറിയിച്ചത്. ഡ്രൈവിങ് പരിശീലക യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഒരുഭാഗത്ത് ഡ്രൈവിങ് പരീക്ഷ പുരോഗമിക്കുന്നു. അതേ ഗ്രൗണ്ടിൽ ഇതേ ഉദ്യോഗാർഥികളെ പരിശീലിപ്പിച്ചവരുടെ പ്രതിഷേധം. വനിതാ ജീവനക്കാർ ഉദ്യോഗസ്ഥരുടെ മനസ് മാറാൻ പ്രാർഥിച്ച് പൊങ്കാലയിട്ടു. ശയനപ്രദക്ഷിണത്തിലൂടെയായിരുന്നു പുരുഷൻമാരുടെ പ്രതിഷേധം. ജില്ലാ ആസ്ഥാനത്ത് ധർണയിരിക്കുന്നതിനെക്കാൾ ഈ സമരമുറ ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിക്കാൻ കഴിയുമെന്നാണ് ഇവർ കണക്കുകൂട്ടുന്നത്.
പരിഷ്കാരം നടപ്പാക്കുന്നതായി അറിഞ്ഞത് മുതൽ ഡ്രൈവിങ് പരിശീലനത്തിനെത്തുന്നവരുടെ എണ്ണം കുറഞ്ഞു. നിരവധിപേരുടെ തൊഴിൽ നഷ്ടപ്പെട്ടു. ഡ്രൈവിങ് സ്കൂളുകൾ പലതും പൂട്ടലിന്റെ വക്കിലാണ്. ഈ സാഹചര്യത്തിലാണ് നിലവിലെ രീതി തുടരണമെന്നാവശ്യപ്പെട്ടുള്ള തൊഴിലാളികളുടെ സമരം.