തിരുവല്ലയിൽ മദ്യപിച്ച് ബസോടിച്ച സ്വകാര്യ ബസ് ഡ്രൈവർ ട്രാഫിക് പൊലീസിന്റെ പിടിയിൽ. കാവുംഭാഗം സ്വദേശി രാകേഷിനെയാണ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസവും മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ട് സ്വകാര്യ ബസ് ഡ്രൈവർമാരെ പൊലീസ് പിടികൂടിയിരുന്നു. നഗരത്തിലൂടെ നിയന്ത്രണം തെറ്റിയുള്ള സ്വകാര്യ ബസിന്റെ ഓട്ടം വാഹന പരിശോധനയ്ക്കിടെയാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. വിശദമായ പരിശോധനയിൽ രാകേഷിനാണ് നിയന്ത്രണമില്ലാത്തതെന്ന് വ്യക്തമായി.
പൊലീസിനെതിരെ തട്ടിക്കയറിയ രാകേഷിനെയും ഓടിച്ചിരുന്ന ബസും ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. മല്ലപ്പള്ളി നിരണം പാതയിൽ സർവീസ് നടത്തുന്ന ബസിന് യാത്ര തുടങ്ങിയത് മുതൽ അമിത വേഗമായിരുന്നുവെന്ന് യാത്രക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മദ്യപിച്ച് സ്വകാര്യ ബസോടിച്ച രണ്ട് ഡ്രൈവർമാരെ കഴിഞ്ഞ ദിവസം തിരുവല്ലയിൽ ട്രാഫിക് പൊലീസ് പിടികൂടിയിരുന്നു. Sot ദിനേശ് കുമാർ ട്രാഫിക് എസ്.ഐ തിരുവല്ല രാകേഷിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനായി മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. യാത്രക്കാരെ ബാധിക്കാത്ത തരത്തിൽ ബസ് സ്റ്റേഷനിലും നിർത്തിയിട്ടിരിക്കുന്ന ബസുകളിലും പ്രത്യേക പരിശോധന നടത്തുന്നതിനാണ് പൊലീസ് തീരുമാനം.