സൗന്ദര്യവൽക്കരണത്തിന് പുതുവഴിതേടി കെഎസ്ആർടിസി. തൊഴിലാളികളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ ബസ് സ്റ്റാൻഡുകളും ഡിപ്പോകളും വൃത്തിയാക്കി മോടികൂട്ടുന്ന ദൗത്യത്തിനാണ് തുടക്കമായത്. ക്ലീൻ കെഎസ്ആർടിസി.ഗ്രീൻ കെഎസ്ആർടിസി എന്ന് നാമകരണം ചെയ്ത പദ്ധതി തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എം ജി രാജമാണിക്യം ഉദ്ഘാടനം ചെയ്തു. പൊതു ഇടം സ്വന്തം ഭവനംപോലെ ശുചിയായി സൂക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടാണ് ക്ലീൻ കെ എസ് ആർ ടി സി.ഗ്രീൻ കെ എസ് ആർ ടി സി പദ്ധതി യാഥാർഥ്യമാകുന്നത്.
കെ എസ് ആർ ടി സി ജീവനക്കാരും സന്നദ്ധ സംഘടനകളും പങ്കെടുക്കുന്ന ദൗത്യത്തിൽ ഏതൊരാൾക്കും ഭാഗമാകാം. കെ എസ് ആർ ടി സിയുടെ സേവനങ്ങൾ പൊതുജനങ്ങളിലേയ്ക്ക് നേരിട്ടെത്തിക്കുക എന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്നതിനുളള നടപടികളും ആരംഭിച്ചതായി എംഡി എം ജി രാജമാണിക്യം അറിയിച്ചു. സൈബർ പ്രചാരണ വിഭാഗത്തിന് രൂപംനൽകി പൊതുജനങ്ങൾ മുമ്പോട്ടുവയ്ക്കുന്ന ക്രിയാത്മകമായ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായും രാജമാണിക്യം വ്യക്തമാക്കി.നെയ്യാറ്റിൻകര കെ എസ് ആർ ടി സി ഡിപ്പോയിൽ തുടക്കമിട്ട പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
Advertisement