നീരൊഴുക്കില്ലാതെ നശിച്ചുപോയ ഉത്തരപ്പള്ളിയാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചെങ്ങന്നൂരില്‍ തുടക്കം. സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിന് ഹരിതകേരളം പദ്ധതിയില്‍പ്പെടുത്തി കൂടുതല്‍ പണം അനുവദിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു.
ഇരുപതുകിലോമീറ്ററോളം നീളത്തില്‍ ഒഴുകിയിരുന്ന ഉത്തരപ്പള്ളിയാറില് കാടും മരങ്ങളുമെല്ലാം വളര്‍ന്ന് ഇപ്പോള്‍ ഇതാണ് അവസ്ഥ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ കയ്യേറ്റവും അശാസ്ത്രീയ തടയണകളുമാണ് ആറിന്റെ നാശത്തിന് കാരണമായത്. വെണ്മണി, ആലാ, ചെറിയനാട്, പുലിയൂര് , എണ്ണയ്ക്കാട് വില്ലേജുകളിലൂടെയാണ് ആറ് ഒഴുകുന്നത്. തീരപ്രദേശങ്ങളിലെ കയ്യേറ്റങ്ങളും സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തി. പുനരുദ്ധാരണത്തിന്റെ ഭാഗമായി റീസര്‍വേ നടപടികള്‍ക്ക് റവന്യൂമന്ത്രി തുടക്കം കുറിച്ചു.
പന്ത്രണ്ട് സര്‍വേയര്‍മാര്‍ അടങ്ങുന്ന സംഘത്തെയാണ് സര്‍വേയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കണ്ടെത്തുന്ന കയ്യേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കും. ഇതോടൊപ്പം അശാസ്ത്രീയമായി നിര്‍മിച്ച തടയണകള്‍ പൊളിച്ചുനീക്കിയാല്‍ മാത്രമേ നീരൊഴുക്ക് പുനസ്ഥാപിക്കാനാകൂവെന്ന് നാട്ടുകാര്‍ പറയുന്നു.