ശബരിമല വിമാനത്താവള നിർമാണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റെന്ന് വിലയിരുത്തൽ. കഴിഞ്ഞദിവസം റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ സ്ഥലപരിശോധനയിലാണ് നിഗമനം.
എരുമേലിയിലെ ചെറുവള്ളി, മുക്കൂട്ടുതറ എസ്റ്റേറ്റുകൾ റവന്യൂ സംഘം നേരിട്ട് പരിശോധിച്ചു. ളാഹയിലെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയെക്കുറിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് മനസിലാക്കി.ആദ്യ വിലയിരുത്തലിലാണ് ശബരിമല തീർഥാടകർക്ക് ഏറ്റവും അനുയോജ്യമാകുന്നത് ചെറുവള്ളിയിൽ നിർമിക്കുന്ന വിമാനത്താവളമായിരിക്കുമെന്ന് കണ്ടെത്തിയത്. യാത്രാസൗകര്യം, കുടിയൊഴിപ്പിക്കേണ്ട കുടുംബങ്ങളുടെ കുറവ് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് കൈമാറണമെന്നാണ് നിർദേശം.
റവന്യൂ സെക്രട്ടറിയ്ക്ക് പുറമെ, കെഎസ്ഐഡിസി എംഡിയും പത്തനംതിട്ട കലക്ടറെയുമാണ് സ്ഥലം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. പത്തനംതിട്ട കലക്ടർ അവധിയായതിനാൽ കോട്ടയം കലക്ടറെ സംഘത്തിൽ ഉൾപ്പെടുത്തി. പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയാലുടൻ ഏജൻസിയെ ചുമതലപ്പെടുത്തിയുള്ള സാധ്യതാപഠനത്തിനുള്ള നടപടികളിലേയ്ക്ക് സർക്കാർ നീങ്ങും.
Advertisement