പാലക്കാട് ആനക്കര മേലേഴിയം നെല്ലിക്കുന്നിലെ സംരക്ഷണഭിത്തി നിർമാണം വൈകുന്നതിനാൽ കോൺക്രീറ്റ് സ്ഥാപിക്കാനായുള്ള ഇരുമ്പ് കമ്പികൾ അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ. നെല്ലിക്കുന്ന് നഗറിൽ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള നിർമാണ പ്രവൃത്തികളാണ് അപകടത്തിനിടയാക്കുന്നത്. അടിയന്തര നടപടിയെടുക്കണമെന്ന് ജനപ്രതിനിധികളും ആവശ്യപ്പെട്ടു.
അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന നെല്ലിക്കുന്ന് നഗർ റോഡിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള ഭാഗത്തെ അൻപത് മീറ്ററോളമാണ് സംരക്ഷണഭിത്തി കെട്ടുന്നത്. നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായിട്ട് ഒരു മാസത്തിലേറെയായി. ഇതോടെ കോൺക്രീറ്റ് ചെയ്യാനായി സ്ഥാപിച്ച ഇരുമ്പ് കമ്പികൾ ഏറെ അപകട ഭീഷണി ഉയർത്തുന്നു എന്നാണ് നാട്ടുകാരുടെ പരാതി.
പിന്നാക്കാവസ്ഥയിലുള്ള പട്ടിക ജാതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളെ ദത്തെടുത്ത് പരിപാലിക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള നിർമാണം ഏറെ കാത്തിരിപ്പിന് ശേഷമാണ് തുടങ്ങിയത്. മന്ത്രി എംബി രാജേഷാണ് പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ചത്. വിഷയം കരാറുകാരന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, പണി വേഗത്തിൽ പൂർത്തിയാക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നാണ് അധികൃതരുടെ മറുപടി.