protest-women

കുടിവെള്ളം മുട്ടിക്കുന്നതിനെതിരെ കുടം കമഴ്ത്തി സമരം. പാലക്കാട് എലപ്പുള്ളയില്‍ മദ്യനിര്‍മാണശാലയ്ക്കായി കണ്ടെത്തിയ സ്ഥലത്തായിരുന്നു മഹിളാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിഷേധം. പ്രദേശത്തെ കുടിവെള്ള പ്രതിസന്ധി അധികാരികളെ അറിയിക്കാനാണ് കുടം കമഴ്ത്തിയുള്ള പ്രതീകാത്മക സമരമെന്ന് മുന്‍ എം.പി രമ്യ ഹരിദാസ്.

കുടിവെള്ളം നിറയുമെന്ന പ്രതീക്ഷയിലല്ല ഇങ്ങനെ കുടം നിരത്തിയിരിക്കുന്നത്. കാലിക്കുടങ്ങള്‍ എലപ്പുള്ളിക്കാര്‍ക്ക് ശീലമായിക്കഴിഞ്ഞു. വര്‍ഷങ്ങളായി വേനല്‍ കനത്താല്‍ വെള്ളം കിട്ടാന്‍ പ്രതിസന്ധി നേരിടുമ്പോള്‍ വീട്ടുമുറ്റത്ത് ഇത്തരത്തില്‍ ഒഴിഞ്ഞ കുടങ്ങള്‍ നിരക്കുന്നത് പതിവാണ്. എലപ്പുള്ളിയില്‍ മദ്യശാലകൂടി പണിതാല്‍ ഒഴിഞ്ഞ കുടങ്ങളുടെ എണ്ണം കൂടും. കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ പലര്‍ക്കും പലായനം ചെയ്യേണ്ടി വരും. ഈ ദുരിതം അധികാരികളെ ഓര്‍മപ്പെടുത്തുന്നതിനായിരുന്നു കുടം നിരത്തിയും കമഴ്ത്തിയുമുള്ള സമരം.

മഹിളാ കോണ്‍ഗ്രസിന്‍റെ സൂചന സമരത്തിന് പിന്നാലെ എലപ്പുള്ളിയിലെ വീട്ടമ്മമാരെ അണിനിരത്തിയുള്ള അനിശ്ചിതകാല സത്യഗ്രഹത്തിനും തീരുമാനമുണ്ട്. വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ പദ്ധതി നടപ്പായാലുണ്ടാവുന്ന യഥാര്‍ഥ പ്രതിസന്ധി സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളെ നേരിട്ട് ബോധ്യപ്പെടുത്താനാവുമെന്നും നാട്ടുകാര്‍. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്‍റ് രേവതി ബാബു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പുണ്യകുമാരി, മഹിളാ കോണ്‍ഗ്രസിന്‍റെ വിവിധ നേതാക്കളും സമരത്തിന്‍റെ ഭാഗമായി.

ENGLISH SUMMARY:

Residents staged a ‘Kudam Kamazhthi’ protest against the disruption of drinking water supply, highlighting their struggle for basic necessities. The symbolic demonstration has intensified demands for immediate government intervention to resolve the crisis.