കാർബൺ സന്തുലിത ഒറ്റപ്പാലം പദ്ധതി നിർവഹണഘട്ടത്തിലേക്കു നീങ്ങുന്നു. കാർബൺ സന്തുലിതാവസ്ഥ പദ്ധതി നടപ്പാക്കുന്ന പാലക്കാട് ജില്ലയിലെ ആദ്യ തദ്ദേശ സ്ഥാപനമെന്ന നേട്ടം ഒറ്റപ്പാലം നഗരസഭയ്ക്കു വൈകാതെ സ്വന്തമാവും. പ്രാഥമിക പഠനം പൂർത്തിയായതിന് പിന്നാലെ ഹരിതകേരള മിഷന്റെ സഹായത്തോടെയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ തുടങ്ങുന്നത്.
ഇതര തദ്ദേശ സ്ഥാപനങ്ങൾ പ്രാഥമിക പഠനം തുടങ്ങുമ്പോഴാണ് പഠനം പൂർത്തിയാക്കി ആദ്യഘട്ടം നടപ്പാക്കാന്‍ ഒറ്റപ്പാലം നഗരസഭയുടെ ശ്രമം. ഇതിനു മുന്നോടിയായി ഹരിതകേരള മിഷനുമായി ചർച്ച പൂർത്തിയായി. അടുത്തഘട്ടം തുടങ്ങുന്നതിനായി 24 ന് നിലവിലുള്ള വിദഗ്ദ സമിതിയുടെ യോഗം നടക്കും. കെഎസ്ഇബി ഉദ്യോഗസ്ഥർ, കൃഷി ഓഫിസർ, കോളജ് പ്രഫസർമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി സമിതി വിപുലീകരിക്കും. തുടർന്ന് കാർബൺ സന്തുലിതാവസ്ഥയുടെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ജനുവരി ഒന്നിന് വിപുലമായ കൺവൻഷൻ നടത്തും. പ്രത്യേക വാർഡ് സഭകളും ചേരും.
വ്യാപാരികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങി വിവിധ മേഖലയിലുള്ളവർക്കു ബോധവൽകരണവും നൽകും. വൈദ്യുത ഉപഭോഗം കുറയ്ക്കൽ, മാലിന്യസംസ്‌കരണം, തരിശുരഹിത നഗരം, പച്ചത്തുരുത്ത് നിർമിക്കൽ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. രണ്ടു വർഷത്തെ കണക്ക് പ്രകാരം നഗരസഭ പരിധിയില്‍ പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവ് 7.4 ശതമാനം വർധിച്ചതായി കണ്ടെത്തിയിരുന്നു. വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതി, പെട്രോൾ, ഡീസൽ, പാചകവാതകം തുടങ്ങിയവയുടെയും ഉപഭോഗം കണക്കാക്കിയാണ് തോത് വിലയിരുത്തിയത്.