ആനത്താരയിലൂടെ ഏതുസമയത്തും വന്യമൃഗങ്ങൾ കാടിറങ്ങിയാൽ തിരിച്ചറിയാൻ എ.ഐ ക്യാമറയുടെ നിരീക്ഷണം. കുങ്കിയാന അഗസ്ത്യനെ ഇറക്കി പാലക്കാട് മലമ്പുഴ വനമേഖലയിൽ വനം വകുപ്പ് നടത്തിയ രണ്ടാംഘട്ട പരീക്ഷണവും വിജയം. ആനകള്‍ ക്യാമറ പരിധിയിലെത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മൊബൈലില്‍ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനമാണ് വനം വകുപ്പിൻ്റെ പരിശോധനയിൽ ഫലപ്രദമെന്ന് തെളിഞ്ഞത്.
റെയിൽവേ ട്രാക്ക് കടന്നു പോവുന്ന ഒലവക്കോടിനും വാളയാറിനുമിടയിലുള്ള വനമേഖലയിലാണ് നിരന്തരം കാട്ടാനക്കൂട്ടം ആശങ്ക വിതയ്ക്കുന്നത്. ഈ ഭാഗത്ത് ആനത്താരകളും കൂടുതലാണ്. മലമ്പുഴ കഞ്ചിക്കോട് മേഖലയിൽ മാത്രം മുപ്പതിലേറെ ആനകൾ ഇടവേളകളിൽ ട്രാക്ക് മറികടന്ന് ജനവാസ മേഖലയിൽ എത്തുന്നുവെന്നാണ് വിലയിരുത്തൽ. ട്രെയിൻ തട്ടി ആന ചരിയുന്നതും വ്യാപക കൃഷിനാശവും ആശങ്ക കൂട്ടുന്നതാണ്. ഇതിന് തടയിടുകയെന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണ് എ.ഐ ക്യാമറ നിരീക്ഷണം.
ക്യാമറയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പ് വരുത്താനാണ് കുങ്കിയാനയെ ഇറക്കിയുള്ള പട്രോളിങ്. മൊബൈലിൽ ദൃശ്യങ്ങൾ സഹിതം മുന്നറിയിപ്പ് എത്തിയതോടെ പരീക്ഷണം വിജയം. രാത്രിയും പകലും ചിത്രം പകർത്താൻ കഴിയുന്ന റൊട്ടേറ്റിങ് എഐ തെർമൽ ക്യാമറയാണ് സ്ഥാപിച്ചിട്ടുള്ളത്. ആനയോ മറ്റു വന്യമൃഗങ്ങളോ വനയോരമേഖലയിലേക്ക് എത്തിയാൽ ക്യാമറ ദൃശ്യങ്ങൾ പകർത്തി കൺട്രോൾ സ്‌റ്റേഷനിൽ വിവരം കിട്ടുന്ന വിധത്തിലാണു സംവിധാനം.
200 മുതൽ അര കിലോമീറ്റർ വരെയുള്ള ദൃശ്യങ്ങൾ ഇതിലൂടെ പകർത്താനാകും. ഈ ദൃശ്യങ്ങൾ നിർമിതബുദ്ധി അധിഷ്‌ഠിത സോഫ്റ്റ്‌വെയറിൽ വിശകലനം ചെയ്തു കൺട്രോൾ സ്‌റ്റേഷനു കൈമാറും. ബി.എസ്.എൻ.എല്ലാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. മൈക്രോപ്ലസ് എന്ന സോഫ്ട്‌വെയർ കമ്പനിക്കാന് ഉപകരാർ. സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കിയ ശേഷം മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നു വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.