മലപ്പുറം പെരുമ്പടപ്പില്‍ യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. പെരുമ്പടപ്പ് സ്വദേശി പി.കെ.സുബൈറിനാണ് മര്‍ദനമേറ്റത്. പുത്തൻപള്ളി ജാറം മുൻ കമ്മിറ്റിക്കെതിരെ നല്‍കിയ പരാതിയാണ് ആക്രമണത്തിന് കാരണമെന്ന് മര്‍ദനമേറ്റ സുബൈര്‍ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ പെരുമ്പടപ്പ് ബ്ലോക്ക് റോഡിലാണ് സംഭവമുണ്ടായത്. പത്തംഗ സംഘം സുബൈറിനെ കാറില്‍ നിന്ന് പിടിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ചന്ദനമരം മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് പുത്തന്‍പള്ളി ജാറം മുന്‍കമ്മിറ്റിക്കെതിരെ പി.കെ സുബൈര്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സുബൈര്‍ ആരോപിച്ചു..
സുബൈർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സുബൈറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് പൊലീസ് ഏഴ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.