മലപ്പുറം ഊർങ്ങാട്ടിരിയിലെ മലയോര പ്രദേശങ്ങളിൽ കാട്ടാനകളുടെ ആക്രമണത്തില്‍ വ്യാപക കൃഷി നാശം. ഏക്കറുകണക്കിന് കൃഷിയിടമാണ് ആനക്കൂട്ടം ചവിട്ടിമെതിക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
ഊർങ്ങാട്ടിരി പഞ്ചായത്ത് ഓടക്കയം വാർഡിൽ ദിവസങ്ങളായി ആനശല്യം രൂക്ഷമാണ്. ഇത്രയധികം ആനകൾ ജനവാസ മേഖലകളിൽ എത്തി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ആദ്യമായാണെന്നും ഓരോ വർഷം ചെല്ലുന്തോറും ആനശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
ആനകൾ കൂട്ടത്തോടെ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെ കർഷകർ ദുരിതത്തിലായി. വീടുകള്‍ക്ക് സമീപത്തുകൂടി രാത്രിയില്‍ ആനക്കൂട്ടം സവാരി നടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ പകല്‍ സമയത്തും ആനകള്‍ ഇറങ്ങാറുണ്ട്. ആനകളെ പേടിച്ച് വീടിന് പുറത്തിറങ്ങാന്‍പറ്റാത്ത അവസ്ഥ. കർഷകർ ചെറുവേലികൾ സ്ഥാപിച്ച് കൃഷി സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട് . എങ്കിലും അതെല്ലാം തകർത്തുകൊണ്ട് ആനക്കൂട്ടം കൃഷി നശിപ്പിക്കാറാണ് പതിവ്. ആനശല്യം രൂക്ഷമായതോടെ പലരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.