kozhikode-slab-3

കോഴിക്കോട് വലിയങ്ങാടിയിൽ  കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 70 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ജാബര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്.  അപകടത്തില്‍പ്പെട്ടത് ലോഡിങ് തൊഴിലാളികളാണ്. മൂന്നുപേര്‍ക്ക് പരുക്കേറ്റു.  പരുക്കേറ്റവരെ ബീച്ച് ഹോസ്പിറ്റലിലേക്ക് എത്തിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പഴയ പാസ്പോർട്ട് ഓഫീസ് കൂടിയായിരുന്ന ഈ കെട്ടിടത്തിൽ ഇപ്പോൾ വ്യാപാര കേന്ദ്രങ്ങളും ഗോഡൗണുകളുമാണ് പ്രവർത്തിക്കുന്നത്. 

ഏകദേശം 50 മീറ്ററോളം കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു. രണ്ട് സ്കൂട്ടറുകളും സ്ലാബിനടിയിൽ പെട്ടു. യാതൊരു മെയിന്റനൻസ് വർക്കും ചെയ്യാത്ത കാലഹരണപ്പെട്ട കെട്ടിടത്തിൽ രണ്ടാഴ്ച മുൻപ് പുതിയ ഷോപ്പിന് അനുമതി നൽകിയതിനെ നാട്ടുകാർ ചോദ്യം ചെയ്യുന്നു. കെട്ടിടത്തിന്റെ അടിത്തട്ടിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. അധികൃതരുടെ അനാസ്ഥയാണ് ഈ അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

അറ്റകുറ്റപ്പണി നടത്താത്ത കെട്ടിടത്തിന്റെ മൂന്ന് നിലയും അപകടാവസ്ഥയിലാണ്. പരിശോധനകള്‍ നടന്നിരുന്നുവെന്നും  അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും മേയര്‍  ഒ.സദാശിവന്‍ പ്രതികരിച്ചു.  ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ മതില്‍ ചാടി കോര്‍പ്പറേഷന്‍ പരിസരത്ത് കയറി. 

ENGLISH SUMMARY:

In Kozhikode Valiyangadi, the concrete slab of a 70-year-old Kozhikode Corporation Building collapsed, leading to the tragic death of three people. The deceased have been identified as Jabbar, Ashraf, and Basheer. All of them were loading workers. Three others were injured in the accident.