കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ പ്രവർത്തനം പുനരാരംഭിച്ചു. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടന്ന പ്ലാന്‍റില്‍ പൊലീസ് സുരക്ഷയിലാണ് സംസ്കരണം തുടങ്ങിയത്. എന്നാൽ പ്ലാന്‍റ് അടച്ചുപൂട്ടിയെ മതിയാകൂ എന്ന നിലപാടിലാണ് നാട്ടുകാർ. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.
സംഘർഷത്തെ തുടർന്ന് രണ്ടാഴ്ച അടഞ്ഞുകിടന്ന മാലിന്യ സംസ്കരണ പ്ലാന്‍റ് ആണ് അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും തുറന്നത്. സംഘർഷത്തിൽ വാഹനങ്ങൾ കത്തി നശിക്കുകയും ഉപകരണങ്ങൾക്ക് കേടുപാട് ഉണ്ടാവുകയും ചെയ്തിരുന്നു. ഇതെല്ലാം ഒരു പരിധിവരെ പരിഹരിച്ച ശേഷമാണ് ചെറിയതോതിൽ സംസ്കരണം പുനരാരംഭിച്ചത്.
പ്ലാന്‍റ് പ്രവർത്തിക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു. നാട്ടുകാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സന്നദ്ധമാണെന്നാണ് ഉടമകളുടെ വാദം. എന്നാൽ പ്ലാന്‍റ് അവിടെ തുടരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. അമ്പലമുക്കിലെ ജനകീയ സമരം തുടരുകയാണ്. സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 13 വരെ നീട്ടിയിട്ടുണ്ട്.