കോഴിക്കോട് വെസ്റ്റ്ഹില്‍ വെള്ളിവയല്‍ അങ്കണവാടിയിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടി ആരംഭിച്ച് കോര്‍പ്പറേഷന്‍. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള അനുമതി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാസാക്കി. അങ്കണവാടിയുടെ ശോചനീയവസ്ഥ സംബന്ധിച്ച് മനോരമന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.
മഴപ്പാട്ടുകള്‍ ഇഷ്ടമാണ് ഇവര്‍ക്കെല്ലാം. പക്ഷേ പാട്ടിലെ മഴയല്ല പുറത്ത്. ഒരു മഴപെയ്താല്‍ മുറ്റത്തെല്ലാം വെള്ളക്കെട്ടാകും. ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പെ വെള്ളിവയല്‍ അങ്കണവാടിയുടെ പുനര്‍നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ക്കാണ് തുടക്കമാവുന്നത്. അങ്കണവാടിക്ക് ചുറ്റുമുള്ള വെള്ളക്കെട്ട് പരിഹരിക്കുന്നതിനും ശുചിമുറി നവീകരണത്തിനുമായി അഞ്ച് ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അങ്കണവാടിയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള അനുമതിയാണ് കൗണ്‍സില്‍ പാസാക്കിയത്.
കഴിഞ്ഞ മാസം 27ന് അങ്കണവാടിക്ക് സമീപത്തെ തെങ്ങ് കടപുഴകി വീണിരുന്നു. കുട്ടികളാരും ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. അടുത്ത മഴക്കാലത്തിന് മുന്‍പെ അങ്കണവാടിയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.