സംഗീതം മരുന്നാണെങ്കില്‍ ആ മരുന്നിലൂടെ ഓട്ടിസത്തെ അതിജീവിക്കുകയാണ് പാലക്കാട് മേഴത്തൂര്‍ സ്വദേശി നിരഞ്ജന്‍. ഇരുപത്തിരണ്ടാം വയസില്‍ നിരഞ്ജന്‍ പാടിയത് 150ലേറെ വേദികളിലാണ്.
മാണിക്യമാണ് ഈ അച്ഛനും അമ്മയ്ക്കും നിരഞ്ജന്‍. രണ്ടര വയസില്‍ അവന്‍ പാടിത്തുടങ്ങി. പിന്നീട് പതിയെ ഓട്ടിസത്തിന്‍റെ വകഭേതങ്ങളിലൊന്നായ ആസ്പേര്‍ജേഴ്സ് സിന്‍ഡ്രോം തിരിച്ചറിഞ്ഞു.
ഗിഫ്റ്റ് ഓട്ടിസമെന്ന് അറിയപ്പെടുന്ന ഈ അവസ്ഥയിലെ കുട്ടികള്‍ക്ക് ഏതെങ്കിലും മേഖലയില്‍ പ്രത്യേക കഴിവുണ്ടാവും. നിരഞ്ജന് അത് സംഗീതമായിരുന്നു.
അധ്യാപക ദമ്പതിമാരായ എംആര്‍ രാമദാസിന്‍റെയും പ്രജിതയുടെയും ഏക മകനാണ് നിരഞ്ജന്‍. എട്ട് വര്‍ഷമായി ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നു. ഗസലിന്‍റെ ഈണവും ഒപ്പമുണ്ട്.
ടീം നിരഞ്ജന്‍ എന്ന പേരില്‍ വേദികളില്‍ നിന്ന് വേദികളിലേക്ക് ഒഴുകുകയാണ് ഈ ഗായകന്‍. അതിജീവനത്തിന്‍റെ വരികള്‍ക്ക് നിരഞ്ജന്‍ നല്‍കിയ സംഗീതമാണ് അവന്‍റെ ഇന്നത്തെ ജീവിതം.