സി പി എം നേതൃത്വത്തിനെ വെല്ലുവിളിച്ചു കൊണ്ടുള്ള കോഴിക്കോട് വടകരയിലെ പരസ്യ പ്രതിഷേധങ്ങൾ പാർട്ടിയ്ക്ക് തല വേദനയാവുന്നു. വടകര മുൻ ഏര്യ സെക്രട്ടറി പി കെ ദിവാകരനെ ജില്ല കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതിലുള്ള രോഷമാണ് പ്രതിഷേധ രൂപത്തിൽ പലയിടങ്ങളിലേക്ക് ഇപ്പോൾ വ്യാപിക്കുന്നത്. മണിയൂരിൽ തുടങ്ങിയ പ്രതിഷേധം തിരുവള്ളുരിലും മുടപ്പിലാവിലും എത്തി.
പ്രസ്ഥാനത്തെ തോന്നും പോലെ നടത്താൻ അനുവദിക്കില്ലെന്നും പാർട്ടിയെ സംരക്ഷിക്കാനും നിലനിർത്താനും തയ്യാറായി വരുന്നവർ ഞങ്ങൾ എന്നുമുള്ള മണിയൂരിലെ പ്രതിഷേധ മുദ്രാവാക്യം തിരുവള്ളൂരിലും മുടപ്പിലാവിലേക്കും എത്തിയപ്പോൾ മാറി, നേരുള്ളവനെ മുറിച്ചു മാറ്റുന്നു എന്നായി മുദ്രാവാക്യം. വടകരയിൽ നടന്ന സി പി എം ജില്ല സമ്മേളനത്തിൽ പി. കെ ദിവാകരനെ ഒഴിവാക്കിയതിൽ വ്യാപക പ്രതിഷേധം ഉടലെടുത്തത് ആദ്യം സമൂഹ മാധ്യമങ്ങൾ വഴിയാണ്, അതാണ് ഇപ്പോൾ പരസ്യ പ്രതിഷേധത്തിലേക്ക് എത്തിയിരിക്കുന്നത്. മണിയൂരും തിരുവള്ളൂരിലും മുടപ്പിലാവിലും ഉയർന്ന പ്രതിഷേധങ്ങൾ നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത്, വീണ്ടും ഒരു ഒഞ്ചിയം ആവർത്തിക്കുമോ എന്ന ചിന്തയിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ പ്രാദേശിക വികാരം തള്ളിയാൽ വിഭാഗീയത തലപൊക്കുമെന്ന ധാരണ നേതൃത്വത്തിനുണ്ട്. പ്രശ്ന പരിഹാര ശ്രമങ്ങൾക്കിടെയാണ് പ്രതിഷേധം വ്യാപിക്കുന്നതെന്നതും ശ്രദ്ധേയം.ടി പി ചന്ദ്രശേഖരൻ്റെ കൊലപാതകത്തിന് ശേഷം വടകര ഏരിയ സെക്രട്ടറിയായി സി പി എം നിയോഗിച്ച പി കെ ദിവാകരനായാണ് അണികൾ ഇപ്പോൾ തെരുവിലറങ്ങുന്നത്. ഇവിടങ്ങളിലെ പ്രതിഷേധ ചൂട് ഇതിനു മുൻപും അറിഞ്ഞ് തിരുത്തൽ വരുത്തിയിട്ടുണ്ട് പാർട്ടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇപ്പോൾ പ്രതിഷേധം നടക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടുന്ന കുറ്റ്യാടി നിയമസഭ മണ്ഡത്തിൽ പാർട്ടി തീരുമാനം പിൻവലിച്ച് കുഞ്ഞമ്മദ് കുട്ടിക്ക് സീറ്റ് നൽകേണ്ടി വന്നിട്ടുണ്ട്. അതെ സമയം ഇന്നലെ നടന്ന വടകര ഏരിയ കമ്മിറ്റി യോഗത്തിലും പ്രതിഷേധം ചർച്ചയായി, ജില്ല സമ്മേളനം തിരഞ്ഞെടുത്ത അംഗങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തുക പ്രായോഗികമല്ലെന്നും പ്രതിഷേധങ്ങൾ കെട്ടടങ്ങുമെന്ന സൂചനയുമാണ് ജില്ല സെക്രട്ടറി എം മെഹബൂബ് നേതാക്കൾക്ക് നൽകിയത്