മരുന്നും സർജിക്കൽ ഉപകരണങ്ങളും നൽകിയിനത്തിൽ 80 കോടി രൂപ കുടിശ്ശികയായതോടെയാണ് ഈ മാസം 10 മുതൽ വിതരണക്കാർ മരുന്നു വിതരണം നിർത്തിയത്. പ്രിൻസിപ്പലും സൂപ്രണ്ടും ആരോഗ്യമന്ത്രിയെ കണ്ടതിനെ തുടർന്ന് 50 ഇനം മരുന്നുകൾ ഇന്നലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. നൂറിനം മരുന്നുകൾ രണ്ടുദിവസത്തിനുള്ളിൽ എത്തുമെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം കീമോതെറാപ്പിയ്ക്കുള്ള മരുന്നുകൾ പൂർണ്ണമായും തീർന്നു .മരുന്നു പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് പ്രിൻസിപ്പലിൻ്റെ ഓഫീസ് ഉപരോധിച്ചു. ജില്ലാ പ്രസിഡൻറ് ആർ. ഷഹീൻ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി.
മെയ് മൂന്നാം വാരം വരെ നൽകിയ മരുന്നുകളുടെ തുക വിതരണക്കാർക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഒക്ടോബർ വരെയുള്ള കുടിശിക ലഭിക്കാതെ വിതരണം പുനരാരംഭിക്കുന്നില്ലെന്നാണ് വിതരണക്കാരുടെ നിലപാട്.