തുഞ്ചത്തെഴുത്തഛൻ എഴുതിയതെന്ന് കരുതപ്പെടുന്ന "കേരള നാടകം" മലയാളം സർവകലാശാല കോഴിക്കോട്ട് പ്രകാശനം ചെയ്തു. വിവിധ സമുദായങ്ങളെക്കുറിച്ച് വിവരിക്കുന്ന പുസ്തകം ഹെർമൻ ഗുണ്ടർട്ടിന്റെ കൈയ്യെഴുത്തു പകർപ്പുസഹിതമാണ് പുറത്തിറങ്ങുന്നത്. ജർമനിയിലെ ട്യൂബിങൻ സർവകലാശാലയിൽനിന്നാണ് പുസ്തകം കണ്ടെടുത്തത്.
ഇത്തരത്തിലൊരു ഗ്രന്ഥം എഴുത്തഛൻ എഴുതിയതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും താളിയോല കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല.ഇതിനിടയിലാണ് വിദേശ സർവകലാശാലയിൽ നിന്ന് ഗുണ്ടർട്ടിന്റെ പകർപ്പ് കണ്ടെടുത്തത്.എന്നാൽ, ഇതിലെ ഭാഷാരീതി പരിശോധിച്ചാൽ എഴുത്തഛന്റേതാകാൻ ഇടയില്ലെന്ന് മലയാളം സർവകലാശാല വിശദീകരിച്ചു. വാമൊഴി അറിവുകൾ ഗുണ്ടർട്ട് സമാഹരിച്ചതാകാമെന്നും വിലയിരുത്തപ്പെടുന്നു.
കേരളനാടകം നേരത്തെ തന്നെ അച്ചടിച്ചിട്ടുണ്ടെന്ന അവകാശവാദങ്ങൾക്കിടെയാണ് മലയാളം സർവകലാശാലയുടെ പ്രസാധനം. സർവകലാശാലയുടെ ഗുണ്ടർട്ട് രേഖാപരമ്പരയിലെ ആദ്യ പ്രസിദ്ധീകരണമാണിത്. ഡോ.കെ.എൻ ഗണേഷിൽ നിന്ന് എൻ.പി ഹാഫിസ് മുഹമ്മ് പുസ്തകം ഏറ്റുവാങ്ങി.