പത്തൊൻപത് വർഷത്തിന് ശേഷം കാസർകോട് നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ മുച്ചിലോട്ടു ഭഗവതി കോലങ്ങൾ കെട്ടിയാടി. ഒരേ സമയം രണ്ട് ഭഗവതിമാരാണ് തിരുമുറ്റത്ത് എത്തിയത്.
കാസർകോട് പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. 19 വർഷത്തിന് ശേഷം ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം. കൈലാസക്കല്ലിന് സമീപത്ത് നിന്ന് തിരുമുടി ധരിച്ച ശേഷം ദേവിയുടെ പുറപ്പാട്. ഒന്നല്ല രണ്ട് തെയ്യക്കോലങ്ങൾ. രണ്ട് മുച്ചിലോട്ട് ഭഗവതിമാർ ഒരേസമയം തിരുമുടിയേറ്റി അരങ്ങിലെത്തുന്ന അപൂർവ കാഴ്ച കാണാൻ ഭക്തരുടെ തിരക്ക്.
കഴിഞ്ഞ ദിവസം പെരുങ്കളിയാട്ടത്തിൽ മംഗലകുഞ്ഞുങ്ങളായി എത്തിയത് 140 കന്യകമാർ. ഉച്ചത്തോറ്റത്തോടൊപ്പം ക്ഷേത്ര വെറ്റില കരിച്ച് കൺമഷി എഴുതിയും ചുണ്ടിൽ വാഴക്കറയും അന്നപ്പുടവയായ കുഞ്ഞൂ മുണ്ടും ഉടുത്താണ് പെൺകൊടികൾ എത്തിയത്.