കാട്ടാന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ആറളം പുനരധിവാസ മേഖലയില്‍ കാട് വെട്ടിത്തെളിക്കല്‍ യജ്ഞം ആരംഭിച്ചു. വനംവകുപ്പിന്‍റെയും, തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സന്നദ്ധ സംഘടനകള്‍ കൂടി രംഗത്തിറങ്ങിയപ്പോള്‍ കൂട്ടായ പ്രവര്‍ത്തനമാണ് ആറളത്ത് കണ്ടത്.
ഒരാഴ്ച മുമ്പാണ് ആറളം ഫാമില്‍ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അടിക്കാടുകള്‍ വെട്ടിത്തെളിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു. പൊന്തക്കാടുകള്‍ക്കുള്ളില്‍ വന്യമൃഗങ്ങള്‍ പതിയിരിക്കുന്നത് കാണാതെ പലരും മുന്നില്‍ അകപ്പെടുന്നത് വ്യാപകമായതോടെയാണ് അടിക്കാട് വെട്ടാന്‍ തീരുമാനിച്ചത്. സണ്ണി ജോസഫ് എംഎല്‍എയുടെയും, ആറളം പഞ്ചായത്ത്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെയും നേതൃത്വത്തിലായിരുന്നു കാടുതെളിക്കല്‍ യജ്ഞം
കടുത്ത ചൂട് വകവെയ്ക്കാതെയാണ് വിവിധ രാഷ്ട്രീയ സന്നദ്ധസംഘങ്ങള്‍ ആദിവാസികള്‍ക്കായി രംഗത്തിറങ്ങിയത്. വെട്ടിത്തെളിക്കാന്‍ കൂടുതല്‍ സ്ഥലം ബാക്കുയുള്ളതിനാല്‍ യജ്ഞം തുടരും. ആറളം പുനരധിവാസ മേഖലയില്‍ നിന്ന് ഓടിച്ചുവിടുന്ന കാട്ടാനകള്‍ ഈ പൊന്തക്കാടുകള്‍ക്കുള്ളില്‍ തന്നെ നിലയുറപ്പിക്കുന്നത് തടയാന്‍ കൂടിയാണ് ദൗത്യം തുടരുന്നത്.