കണ്ണൂര്‍–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന നെടുംപൊയില്‍ ചുരം റോഡില്‍ ഗതാഗതം നിരോധിച്ചിട്ട് ഒരു മാസം പിന്നിട്ടു. ചുരത്തിലെ ഏലപ്പീടികയ്ക്ക് സമീപം റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം നിലച്ചതോടെ അത്യാവശ്യക്കാരും നാട്ടുകാരുമാണ് കുടുങ്ങിയത്.
വയനാട് ദുരന്തമുണ്ടായ അതേദിവസമാണ് മാന്തവാടിയിലേക്കുള്ള ചുരം പാതയിലും വിള്ളല്‍ വീണ് റോഡ‍് ഇടിഞ്ഞത്. അപകടാവസ്ഥ മുന്‍നിര്‍ത്തി റോഡ് അടച്ചു. ഇതോടെ ചുരം വിജനമായി. നാട്ടുകാരാകെ കുടുങ്ങി യാത്രക്കാരെ ആശ്രയിച്ചിരുന്ന കടകളെല്ലാം അടച്ചിട്ട് ഒരു മാസമായി. ചിലര്‍ വെറുതെ തുറന്നുവെയ്ക്കുന്നു റോഡ് നന്നാക്കാനുള്ള പണിയ്ക്ക് മഴ വില്ലനായി. ഒരു മാസമായിട്ടും ഇതാണ് സ്ഥിതി. എന്ന് പണി തീരുമെന്ന ചോദ്യത്തിന് പൊതുമരാമത്ത് വകുപ്പിന് ഉത്തരമില്ല. അതേസമയം, നിരോധം മറികടന്നും ചെറിയ വാഹനങ്ങള്‍ അപകട സാധ്യതയുള്ള റോഡിലൂടെ ഇപ്പോഴും കടന്നുപോകുന്നുണ്ട്.