അവഗണനയുടെ നടുവില്‍ കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലക്കയംതട്ട്. പൂര്‍ണമായും ഡിറ്റിപിസിയുടെ നിയന്ത്രണത്തിലായ ശേഷമാണ് അടിസ്ഥാന സൗകര്യങ്ങളും വിനോദ ഉപാധികളും നശിച്ച് തുടങ്ങിയത്. പ്രകൃതിഭംഗി അസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ നിരാശരായാണിപ്പോള്‍ മടങ്ങുന്നത്.
പാലക്കയംതട്ട് സുന്ദരിയാണ്. പ്രത്യേകിച്ച് മഴക്കാലത്ത്.. തണുത്ത കാറ്റും മഞ്ഞും മഴയും ആസ്വദിക്കാം വരുന്നവര്‍ക്ക്. എന്നാല്‍ കയറിനില്‍ക്കാന്‍ ഒരു കൂര പോലുമില്ല. ഉണ്ടായിരുന്ന ടെന്‍റുകള്‍ കീറിപ്പൊളിഞ്ഞു. ശുചിമുറികള്‍ക്ക് വാതിലില്ല. സംരക്ഷണ വേലികള്‍ക്കാകെ തുരുമ്പ്. സൂര്യന്‍ അസ്തമിച്ചാല്‍ ഇരുട്ടില്‍ തപ്പി നടക്കണം. സോളാര്‍ ലൈറ്റുകളുണ്ടായിരുന്നതൊക്കെ എന്നേ നശിച്ചു. കുട്ടികള്‍ക്കായി ഒരുക്കിയിരുന്ന പല റൈഡുകളും ഇന്നില്ല. കുടുംബവുമൊത്ത് വരുന്നവര്‍ക്കെല്ലാം പ്രകൃതി നല്ല വിരുന്നൊരുക്കുമെങ്കിലും ടൂറിസം വകുപ്പ് മാത്രം ഒന്നും ഒരുക്കുന്നില്ല.
സ്വകാര്യവ്യക്തിയെ ഒഴിവാക്കി പൂര്‍ണമായും ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലിന് കീഴിലാക്കിയ ശേഷമാണ് ഈ അവസ്ഥ.
ജീവന്‍ പണയംവെച്ച് വേണം വ്യൂ പോയിന്‍റുകളിലെത്താന്‍. സുരക്ഷാ ഗൈഡുകള്‍ ഒന്നുരണ്ട് പേര്‍ മാത്രം. അവഗണനയുടെ ആഴം കൂടിയതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞു. സഞ്ചാരികളെ പ്രതീക്ഷിച്ച് കച്ചവടം ചെയ്തിരുന്നവര്‍ക്കും ഇത് തിരിച്ചടിയായിമാറി. മറ്റു പല കേന്ദ്രങ്ങളെയും ശ്രദ്ധിക്കുമ്പോള്‍ പാലക്കയംതട്ടിനെ കൂടെ അല്‍പം ശ്രദ്ധിക്കാം ടൂറിസം വകുപ്പിന്.