കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എക്‌സ്‌റേ ഫിലിം പ്രതിസന്ധിക്ക് പരിഹാരം. കുടിശികയായ 21 ലക്ഷം രൂപ വിതരണക്കാര്‍ക്ക് അടിയന്തരമായി അനുവദിച്ചു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി .
ഒരുമാസത്തിലേറെയായി എക്സറേ ചിത്രം രോഗികളുടെ മൊബൈലില്‍ ഫോട്ടോയെടുത്തതാണ് നല്‍കുന്നത്. ഫിലിം തീര്‍ന്നതാണ് കാരണം. മനോരമ ന്യൂസിലൂടെ ഇക്കാര്യം പുറംലോകമറിഞ്ഞതിന് പിന്നാലെയാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിതരണക്കാരുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് 21 ലക്ഷം രൂപ കുടിശിക അടിയന്തരമായി അനുവദിച്ചു. ഇതോടെ ഫിലിം വിതരണം പുനരാംരംഭിക്കാന്‍ വിതരണക്കാര്‍ തയ്യാറായി.
ഇന്ന് മുതല്‍ എക്‌സ്‌റേ ഷീറ്റില്‍ തന്നെ പരിശോധനാഫലം നല്‍കാനാകും. ഒരുവര്‍ഷത്തേക്കുള്ള 500 പാക്ക് ഫിലിം അടുത്തദിവസം ആശുപത്രിയില്‍ എത്തിക്കാനും അധികൃതര്‍ വിതരണക്കാരോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജില്‍ വിതരണം ചെയ്യുന്ന കമ്പനിയെ ചൈനീസ് കമ്പനി ഏറ്റെടുത്തതോടെ ഫിലിമുകളുടെ വില വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കുമെന്ന് വിതരണക്കാര്‍ പറഞ്ഞെങ്കിലും മെഡിക്കല്‍ കോളജ് അധികൃതര്‍ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. കരാര്‍ പ്രകാരം മുന്‍കൂട്ടി നിശ്ചയിച്ച തുകയേ നല്‍കാനാകൂ എന്നാണ് നിലപാട്.