വനാതിര്‍ത്തിയോട് ചേര്‍ന്ന് കാട്ടാനക്കൂട്ടം; ഉറക്കം നഷ്ടപ്പെട്ട് ധോണിക്കാര്‍

mayapuramelephant
SHARE

പാലക്കാട് ധോണി മായാപുരത്തെ വനാതിര്‍ത്തിയോട് ചേര്‍ന്ന് കാട്ടാനക്കൂട്ടം. കുട്ടികള്‍ ഉള്‍പ്പെടെ എട്ട് ആനകളാണ് അഞ്ച് ദിവസമായി സമീപത്തെ മലയില്‍ തുടരുന്നത്. പിടി സെവന്‍ നിരന്തരം ആശങ്ക തീര്‍ത്തിരുന്ന മേഖലയില്‍ ആനക്കൂട്ടം അതിക്രമിച്ചെത്തുമോ എന്നതാണ് നാട്ടുകാരുടെ ആശങ്ക. 

ആനക്കൂട്ടം വനത്തിലല്ലേ പിന്നെന്തിന് ആശങ്കയെന്ന് ചോദിച്ചാല്‍ സംഗതി സത്യമാണ്. കുട്ടികള്‍ ഉള്‍പ്പെടെ ആനക്കൂട്ടമുള്ളത് മലയുടെ മുകളിലാണ്. ഇങ്ങനെ മലമുകളില്‍ പലതവണ പ്രത്യക്ഷപ്പെട്ട പിടി സെവനാണ് പിന്നീട് നാട്ടുകാരുടെ ഉറക്കം കെടുത്തിയതെന്ന് ഇവര്‍ ഓര്‍മിപ്പിക്കുന്നു. ആനക്കൂട്ടം മായാപുരം ക്വാറിയുടെ അടുത്ത് വരെ കഴിഞ്ഞദിവസം എത്തിയത് ഈ ആകാംഷയ്ക്ക് ആക്കം കൂട്ടുന്നതാണ്. വനമേഖലയില്‍ നല്ല പച്ചപ്പുള്ളത് മാത്രമാണ് ധോണിക്കാരുടെ നിലവിലെ സമാധാനം.

അഞ്ച് ദിവസമായി ആനക്കൂട്ടം വനാതിര്‍ത്തിയില്‍ തുടരുന്നത് വെള്ളവും ഭക്ഷണലഭ്യതയും കണക്കിലെടുത്തെന്ന് വനംവകുപ്പ്. ആനയെ ഉള്‍വനത്തിലേക്ക് തുരത്തേണ്ടതില്ല. പതിവായി അതിര്‍ത്തിയില്‍ എത്തുന്നുണ്ടെങ്കിലും ആനക്കൂട്ടം ജനവാസമേഖലയിലേക്ക് ഇറങ്ങിയിട്ടില്ല. സോളര്‍ വേലിയുള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ളതിനാല്‍ പ്രതിരോധം ശക്തമാണ്. ആനക്കൂട്ടത്തിന്റെ വരവും പോക്കും നിരന്തരം നിരീക്ഷിക്കുന്നതായും വനംവകുപ്പ് അറിയിച്ചു. 

MORE IN NORTH
SHOW MORE