ഇറച്ചിക്കോഴി വളര്‍ത്തിയ കൂലി പോലും കിട്ടിയില്ല; കേരള ചിക്കന്‍ പദ്ധതിക്കെതിരെ കര്‍ഷകപ്രതിഷേധം

-ChickenCrisis
SHARE

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയ കര്‍ഷകര്‍ പണം തിരികെ ആവശ്യപ്പെട്ട് പ്രതിഷേധത്തില്‍. ഇറച്ചിക്കോഴി വളര്‍ത്തിയതിന്‍റെ കൂലി പോലും ലഭിക്കാതെ വന്നതോടെ സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റി ഓഫീസ് കര്‍ഷകര്‍ ഉപരോധിച്ചു. മാര്‍ച്ച് അവസാനത്തോടെ മൂന്നര കോടി രൂപ തിരികെ നല്‍കുമെന്ന ബ്രഹ്മഗിരി അധികൃതരുടെ വാക്കിലാണ് സമരം താല്‍കാലികമായി അവസാനിപ്പിച്ചത്. 

കേരളത്തെ ഇറച്ചിക്കോഴി ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ചിക്കന്‍ പദ്ധതി തുടങ്ങിയത് . നാല് ഏജന്‍സികള്‍ വഴി കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നല്‍കി. എന്നാല്‍ സിപിഎം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റിയില്‍ വലിയ നിക്ഷേപം നടത്തി കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തിനല്‍കിയവരാണ് പ്രതിസന്ധിയിലായത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ കര്‍ഷകര്‍ക്ക് വളര്‍ത്തുകൂലി ഉള്‍പ്പടെ മുടങ്ങി. പദ്ധതി നിലച്ചിട്ട് മാസങ്ങളായെന്ന് കര്‍ഷകര്‍ പറയുന്നു. വായ്പപോലും തിരിച്ചടയ്ക്കാന്‍ വഴിയില്ലാതായതോടെയാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. 

ബ്രഹ്മഗിരി അധികൃതരുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ചയില്‍ മാര്‍ച്ച് 31നകം 97 കര്‍ഷകര്‍ക്ക് 3.5 കോടി രൂപ തിരികെ നല്‍കുമെന്ന് ധാരണയായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡിയും പദ്ധതി നടത്തിപ്പിനായി കണ്ടെത്തിയ വായ്പ പലിശ സബ്സിഡിയും ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ബ്രഹ്മഗിരിയുടെ വിശദീകരണം. പറഞ്ഞ സമയത്തിനുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.

MORE IN NORTH
SHOW MORE