പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്‍റ് രാധാ മുരളീധരൻ രാജിവച്ചു

radhaMurali
SHARE

പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്‍റ്  രാധാ മുരളീധരൻ രാജിവച്ചു. പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുള്ള ഭിന്നതയാണ് രാജിക്ക് കാരണമെന്ന് രാധാ മുരളീധരൻ പറഞ്ഞു. കോൺഗ്രസ് വിട്ട മുൻ എംഎൽഎ എ.വി ഗോപിനാഥ് ഉൾപ്പെടെ അംഗങ്ങളായ ഭരണസമിതിയാണ് പെരിങ്ങോട്ടുകുറിശ്ശിയിലുള്ളത്.

പതിനാറംഗ ഭരണസമിതിയിൽ എ.വി.ഗോപിനാഥ് ഉൾപ്പെടെ പതിനൊന്ന് അംഗങ്ങളുടെ പിന്തുണയാണ് കോൺഗ്രസിനുള്ളത്. രാധാ മുരളീധരന്റെ രാജിയോടെ അംഗബലം പത്തായി. സ്വതന്ത്രമായി തനിക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നാണ് രാധാ മുരളീധരൻ പറയുന്നത്. പ്രസിഡന്റ് പദവിയിലിരുന്ന് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പഞ്ചായത്ത് അംഗമായി തുടർന്നാലും പൂർത്തിയാക്കാനാവില്ലെന്ന് മനസിലാക്കിയാണ് എട്ടാം വാർഡ് മെമ്പർ പദവും ഒഴിഞ്ഞത്. കടുത്ത സമ്മർദം നേരിടേണ്ടി വന്നതായി രാധാ മുരളീധരൻ.

രണ്ടര വർഷം കഴിഞ്ഞാൽ പ്രസിഡന്റ് പദം ഒഴിയണമെന്ന മുൻ ധാരണ തെറ്റിച്ചതാണ് ഭിന്നതയ്ക്ക് കാരണമായതെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം പറയുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രസിഡന്റ് പദമൊഴിയാൻ രാധാ മുരളീധരൻ തയാറായിരുന്നില്ല. പഞ്ചായത്ത് രൂപീകൃതമായതിന് ശേഷം കോൺഗ്രസ് മാത്രമാണ് പെരിങ്ങോട്ടുകുറിശ്ശിയിൽ ഭരണത്തിലെത്തിയിട്ടുള്ളത്. എ.വി ഗോപിനാഥിന്റെ രാജിക്ക് ശേഷം പെരിങ്ങോട്ടുകുറിശ്ശി മേഖലയിൽ കോൺഗ്രസ് നേതാക്കൾക്കിടയിലും ചേരിതിരിഞ്ഞുള്ള പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് രാജിയില്‍ കലാശിച്ചതെന്നും ഒരുവിഭാഗം പറയുന്നു. 

MORE IN NORTH
SHOW MORE