
കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിയില്‍ മരുന്ന് ക്ഷാമം രൂക്ഷം. രോഗം മൂര്‍ഛിച്ച് ആശുപത്രിലെത്തുന്നവര്‍ക്ക് അത്യാവശ്യ മരുന്ന് പോലും ലഭിക്കുന്നില്ല. ഡോക്ടര്‍മാരും ആവശ്യത്തിനില്ലെന്ന് രോഗികള്‍ പരാതിപ്പെടുന്നു. എന്നാല്‍ മരുന്ന് ക്ഷാമം ഇല്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്‍റെ വാദം.
രോഗം മൂര്‍ച്ഛിച്ച് എങ്ങനെയെങ്കിലും ആശുപത്രിയിലെത്തിയാല്‍ പോര. മരുന്ന് വാങ്ങാനുള്ള കട കൂടി കണ്ടുവയ്ക്കണം. ഇല്ലെങ്കില്‍ മരുന്ന് യഥാസമയം ലഭിക്കാതെ രോഗിക്ക് വല്ല അത്യാഹിതവും സംഭവിച്ചേക്കാം. ജനിച്ച് 5 മാസം തികഞ്ഞ കുഞ്ഞിന് മാത്രമല്ല വാതരോഗ ചികില്‍സക്കായി എത്തിയ മുതിര്‍ന്നവര്‍ക്കും മരുന്ന് ഇല്ല.
ഡോക്ടര്‍മാരുടെ എണ്ണം കുറവായതുകൊണ്ട് ഒ.പി യിലെ തിരക്ക് വേറെയും. പകല്‍ അത്യാഹിത വിഭാഗം കൂടി നോക്കണ്ട അധിക ചുമതല ഒ.പി ഡോക്ടര്‍ക്കായതിനാല്‍ രോഗികള്‍ക്ക് കാത്തിരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. മലയോര മേഖലകളിലുള്ളവരുടെ ഏക ആശ്രയമാണ് ഈ താലൂക്ക് ആശുപത്രി. മരുന്നില്ലാത്തതിനാല്‍ ആയിരങ്ങളാണ് ദുരിതമനുഭവിക്കുന്നത്.