
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ മുലപ്പാല്‍ ബാങ്കില്‍ നിന്ന് ഒരുവര്‍ഷത്തിനിടെ മുലപ്പാല്‍ മധുരം നുണഞ്ഞത് ആയിരത്തി എണ്ണൂറിലധികം കുരുന്നുകള്‍. സംസ്ഥാനത്തെ ആദ്യത്തെ മുലപ്പാല്‍ ബാങ്ക് വിജയമായതോടെ മറ്റിടങ്ങളിലും തുറക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവിഭാഗം.
മുന്നൂറ്റിഅറുപത്തിയഞ്ച് ദിവസം , 1450 അമ്മമാര്‍ , ജീവന്‍ പകര്‍ന്നത് , 1800ല്‍ അധികം കുഞ്ഞുങ്ങള്‍ക്ക്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുലപ്പാല്‍ ബാങ്കില്‍ ദിവസേന പത്തിലേറെ അമ്മമാരാണ് തന്റേതല്ലാത്ത ഓമനകള്‍ക്ക് മുലപ്പാലേകാനായി എത്തുന്നത്.
ശേഖരിക്കുന്ന മുലപ്പാല്‍ പ്രത്യേകം പാസ്ചറൈസ് ചെയ്ത് ഫ്രീസറില്‍ സൂക്ഷിക്കും. തീവ്രപരിചരണ വിഭാഗത്തിലുള്ള നവജാതശിശുക്കള്‍ക്കും മുലയൂട്ടാന്‍ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കുമാണ് പ്രഥമ പരിഗണന. മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ളവര്‍ പദ്ധതിയെ കുറിച്ച് മനസിലാക്കാന്‍ ഇവിടേക്ക് എത്തുന്നുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അധികം വൈകാതെ മുലപ്പാല്‍ ബാങ്ക് തുടങ്ങും.