
സര്‍ക്കാര്‍ സ്കൂളിലെ കന്നഡ മീഡിയത്തില്‍ ഭാഷ പരിചയമില്ലാത്ത അധ്യാപകനെ നിയമിച്ചെന്ന പരാതിയുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും. കാസര്‍കോട് ആധൂര്‍ ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. പഠനം പ്രതിസന്ധിയിലായതോടെ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
പത്താം ക്ലാസുകാരിയായ സനൂഷയുടെ മാത്രം അവസ്ഥയല്ലിത്. സ്കൂളിലെ കന്നഡ മീഡിയത്തില്‍ പഠിക്കുന്ന ഭൂരിഭാഗം കുട്ടികള്‍ക്കും സമാന അവസ്ഥയാണ്. കഴിഞ്ഞ ഓണപരീഷയില്‍ ആരോപണം നേരിടുന്ന അധ്യാപകന്‍ പഠിപ്പിച്ച വിഷയത്തില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും തോറ്റു.
കാസര്‍കോട് ജില്ലയുടെ പുറത്ത് നിന്നു വന്ന അധ്യാപകന്‍ കന്നഡിയില്‍ പഠിപ്പിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതി. കുട്ടികളുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അതേസമയം പിഎസ് സി വഴി നിയമനം നേടിയ അധ്യാപകന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ആറുമാസത്തെ പ്രത്യേക ഭാഷ പരിചയ പരിശീലനം പൂര്‍ത്തിയാക്കിയെന്നാണ് അധ്യാപകന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം.