കാടകം വന സത്യാഗ്രഹത്തിന്റെ ഓര്‍മകള്‍ ചരിത്ര സ്മാരകമാക്കി കാറഡുക്ക ബ്ലോക്ക് പ‍ഞ്ചായത്ത്

kadakam-project
SHARE

കാസര്‍കോട് കാടകം വന സത്യാഗ്രഹത്തിന്റെ ഓര്‍മകള്‍ ചരിത്ര സ്മാരകമാക്കി മാറ്റിയിരിക്കുകയാണ് കാറഡുക്ക ബ്ലോക്ക് പ‍ഞ്ചായത്ത് അധികൃതര്‍. സ്വതന്ത്ര സമരത്തിന്റെ ഭാഗമായിരുന്ന കാടകം വന സത്യാഗ്രഹത്തെ കുറിച്ച് പുതുതലമുറയെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം. ഇതാദ്യമായാണ് കാടകം വന സത്യാഗ്രഹത്തിന് ഒരു ചരിത്രസ്മാരകം നിര്‍മിക്കുന്നത്.

സാധാരണ ജനങ്ങളുടെ  മൗലീകവകാശങ്ങളെ പോലും വകവെയ്ക്കാതെ  ബ്രിട്ടീഷ് ഗവണ്‍മെന്റ് നടപ്പിലാക്കിയ നിയമമായിരുന്നു വനനിയമം. സാധാരണ ജനങ്ങള്‍ വനത്തിനുള്ളില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമമായിരുന്നു ഇത്. കാടകത്തെ വനത്തെയും വന വിഭവങ്ങളെയും ആശ്രയിച്ചു ജീവിച്ചിരുന്ന ആദിവാസി സമൂഹത്തിന് ഈ നിയമം വലിയ തിരിച്ചടിയായി. ഇതിനെതിരെ 1933 ല്‍ കോണ്‍ഗ്രസ് രംഗത്തു വന്നു. പിന്നീട് അത് ദിവസങ്ങള്‍ നീണ്ട സത്യാഗ്രഹത്തിലേക്ക് എത്തി.

ഈ പറഞ്ഞ ചരിത്രമെല്ലാം ഇനി ഒറ്റനോട്ടത്തില്‍ കാണാനും അത് മനസിലാക്കാനുമുള്ള അവസരമാണ് കാറഡുക ബ്ലോക്ക് പ‍ഞ്ചായത്ത് സത്യാഗ്രഹ സ്ക്വയറിലൂടെ ഒരുക്കുന്നത്.  ബ്ലോക്ക് പഞ്ചായത്തിനോട് ചേര്‍ന്ന് ഏഴ് സെന്‍റ് സ്ഥലത്ത് നിര്‍മിച്ചിട്ടുള്ള സ്മാരകത്തില്‍  സമരത്തിന്റെ നാള്‍വഴികള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ചുമര്‍ചിത്രങ്ങള്‍, ശില്പങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. 

സ്മാരകത്തിനോട് ചേര്‍ന്ന് പഞ്ചായത്തിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുമുണ്ട്. മണ്‍മറഞ്ഞു പോവേണ്ടിയിരുന്ന ചരിത്രത്തെ വീണ്ടെടുത്ത് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിയ ആത്മസംതൃപ്തിയിലാണ് പഞ്ചായത്ത് ഭരണസമിതി.

MORE IN NORTH
SHOW MORE