
വയനാട് മീനങ്ങാടി മണ്ഡകവയലില്‍ കടുവയെ പിടികൂടാന്‍ കൂടുസ്ഥാപിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഫലമില്ല. ജനവാസകേന്ദ്രത്തിലിറങ്ങുന്ന കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് തുടരുകയാണ്. ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടി, മണ്ഡകവയല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായതോടെയാണ് വനംവകുപ്പ് കൂടുസ്ഥാപിച്ചത്. എന്നാല്‍ കൂടുവച്ച് മൂന്ന് ദിവസം പിന്നിട്ടു. കടുവ കെണിയില്‍ അകപ്പെട്ടില്ല എന്ന് മാത്രമല്ല വളര്‍ത്തു മഗങ്ങള്‍ക്ക് നേരെയുള്ള ആക്രണം തുടരുന്നു.
മൈലമ്പാടി പുല്ലുമലയിലാണ് ഇന്നലെ കടുവയിറങ്ങിയത്. തൊഴുത്തില്‍ കെട്ടിയിരുന്ന ജോസഫിന്റെ പശുവിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. വനംവകുപ്പ് സംഘമെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൂടുസ്ഥാപിച്ച സ്ഥലത്തിന് സമീപ പ്രദേശത്ത് തന്നെയാണ് കടുവ എത്തിയത്. ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഒരു മാസത്തിനിടെ രണ്ട് പശുക്കളെയാണ് കടുവ കൊന്നത്. രണ്ട് പശുക്കള്‍ക്ക് ആക്രണത്തില്‍ മാരകമായി പരുക്കേറ്റു. കടുവ മനുഷ്യര്‍ക്ക് നേരെയും തിരിയുമെന്നാണ് നാട്ടുകാരുടെ ആശങ്ക. വീടിന് മുന്നില്‍ സ്ഥാപിച്ച സിസിടിവില്‍ റോഡിലൂടെ നടന്നു പോകുന്ന കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇരുട്ടുവീണാല്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്.