ജനറൽ ആശുപത്രിയിലെ രാത്രികാല പോസ്റ്റ്മോർട്ടം നടപടികൾ നിലച്ചു; ജീവനക്കാരില്ലെന്ന് വാദം

kasargod-hsptl
SHARE

കാസർകോട് ജനറൽ ആശുപത്രിയിലെ രാത്രികാല പോസ്റ്റ്മോർട്ടം നടപടികൾ നിലച്ചിട്ട് മൂന്ന് ദിവസം.  ആവശ്യത്തിനു ജീവനക്കാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാർ രാത്രിയിലെ പോസ്റ്റ്മോർട്ടം നടപടിയിൽ  നിന്ന് വിട്ടുനിൽക്കുന്നത്.  ഹൈക്കോടതി വിധി പ്രകാരമായിരുന്നു ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ്മോർട്ടം തുടങ്ങിയത്. അതേസമയം ഡോക്ടർമാരുടെ നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് യൂത്ത് ലീഗ്.

രാത്രി മുഴുവൻ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നതിലൂടെ  മരണപ്പെട്ടവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന പ്രയാസം ഒഴിവാക്കുന്നതിനായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. നിയമസഭയിലും കോടതിയിലുമായി നടത്തിയ പോരാട്ടത്തെത്തുടർന്നാണ് ആശുപത്രിയിൽ രാത്രികാലത്ത് പോസ്റ്റ്മോർട്ടം നടത്താൻ ഹൈക്കോടതി ഉത്തരിവിട്ടത്. എന്നാൽ തുടക്കം മുതൽ തന്നെ ഈ ഉത്തരവിനെതിരേ ഡോക്ടർമാരുടെ ഇടയിൽ എതിർപ്പുണ്ടായിരുന്നു.

ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാതെ ഡോക്ടർമാരുടെ ജോലിഭാരം വർധിപ്പിക്കുന്ന ഉത്തരവാണിതെന്നായിരുന്നു ഡോക്ടർമാരുടെ ആക്ഷേപം.

കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതുവരെ രാത്രികാല മൃതദേഹ പരിശോധന നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ രാത്രികാലത്ത് പോസ്റ്റുമോർട്ടം നടത്താൻ ഹൈക്കോടതി നിർദേശിച്ച മാനവവിഭവശേഷി നടപ്പാക്കാൻ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച മുതൽ ഡോക്ടർമാർ രാത്രികാല പോസ്റ്റ്മോർട്ടത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ജനങ്ങൾക്കായുള്ള അറിയിപ്പായി മോർച്ചറിക്ക് മുമ്പിൽ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. അതേസമയം ഡോക്ടർമാരുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് മാർച്ചുൾപ്പെടെ നടത്താനുള്ള തീരുമാനത്തിലാണ് യൂത്ത് ലീഗ്.

MORE IN NORTH
SHOW MORE