കോഴിക്കോട് കോര്‍പ്പറേഷൻ ചെറുവണ്ണൂർ മേഖലാ ഓഫിസിലെ തീപിടുത്തം; കാരണം കണ്ടെത്താനാകാതെ അധികൃതര്‍

cheruvannoor
SHARE

കോഴിക്കോട് കോര്‍പ്പറേഷന്‍റെ ചെറുവണ്ണൂരിലെ മേഖലാ ഓഫിസിലുണ്ടായ തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താനാകാതെ അധികൃതര്‍. ഷോര്‍ട് സര്‍ക്യൂട്ട് ആണെന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അറിയിച്ചു. തീപിടിച്ച വസ്തുക്കള്‍ ഉടനടി മാറ്റിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന സംശയങ്ങളും ഇതോടെ ശക്തമായി. 

ജൂലൈ 19ന് രാവിലെയാണ് കോര്‍പ്പറേഷന്‍റെ ചെറുവണ്ണൂരിലുള്ള മേഖലാ ഓഫിസിലെ സെര്‍വര്‍ റൂമില്‍ തീപിടുത്തമുണ്ടായത്. കെട്ടിട നമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കുകയാണ് തീപിടുത്തതിന് പിന്നിലുള്ള ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിച്ചെങ്കിലും സംശയങ്ങള്‍ കോര്‍പ്പറേഷന്‍ തള്ളി. എന്നാല്‍ ദിവസങ്ങളിത്രയായിട്ടും തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല. ഷോര്‍്ട് സര്‍ക്യൂട്ട് ആണോയെന്ന് സ്ഥിരീകരിക്കാന്‍ തീപിടുത്തം ഉണ്ടായ വസ്തുക്കളില്‍ ഫൊറന്‍സിക് പരിശോധന വേണ്ടിവരുെമന്നാണ് ഇല്ക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്‍റെ റിപ്പോര്‍ട്ട്. 

തീപിടുത്തത്തിന്‍റെ ഉത്തരവാദിത്തം കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്്വര്‍ക്കിന്‍റേതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം ചില സംശയങ്ങളും. ശാസ്ത്രീയ പരിശോധന നടത്തുന്നതിന് മുമ്പ് കെസ്വാന്‍ അധിക‍ൃതര്‍ റൂട്ടര്‍ , സ്വിച്ച് എന്നിവ എടുത്തുകൊണ്ടുപോയി. സെര്‍വര്‍ റൂമില്‍ മറ്റെന്തെങ്കിലും തകരാര്‍ ഉണ്ടായോ എന്ന് അതിനാല്‍ കണ്ടെത്താനായില്ല. തീപിടുത്തം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് കെസ്വാന്‍ എന്‍ജിനിയര്‍ ചെറുവണ്ണൂര്‍ ഓഫിസിലെ ക്ലര്‍ക്കിനെ വിളിച്ച് സെര്‍വര്‍ റൂം തുറന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എന്‍ജിനിയര്‍ നിര്‍ദേശിച്ചതനുസരിച്ച് സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ ആണ് തീപിടുത്തമുണ്ടായത്. തീപ്പൊരി ചിതറിയതിനെതുടര്‍ന്ന് സ്വിച്ച് ഓഫ് ചെയ്തെങ്കിലും പവര്‍ കോഡുകള്‍ അതിനോടകം കത്തിപ്പോയിരുന്നു. ഇല്ക്ട്രിക്കല്‍ ഇന്‍സ്പ്കെട്റേറ്റിന്‍റെ റിപ്പോര്‍ട്ട് നല്ലളം പൊലിസിന് കൈമാറി. 

MORE IN NORTH
SHOW MORE