കാട്ടുപന്നിയെ വെടിവെയ്ക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

pigshoot-01
SHARE

കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് നല്‍കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. മാനദണ്ഡങ്ങള്‍ അന്തിമമാക്കി സര്‍ക്കാര്‍ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകും. വന്യജീവി ആക്രമണത്തില്‍ സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി മനോരമ ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നിരന്തരം ശ്രദ്ധയില്‍പ്പെടുത്തുന്നത് കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് വനംമന്ത്രി പാലക്കാട് പറഞ്ഞു. 

നിരവധി തവണ ആവശ്യപ്പെട്ടിട്ടും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയാറായിട്ടില്ല. ഇത് കര്‍ഷകര്‍ക്കുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. വ്യാപക പരാതി കണക്കിലെടുത്താണ് കൃഷിയിടത്തിലേക്കിറങ്ങുന്ന കാട്ടുപന്നിയെ വെടിയുതിര്‍ക്കാനുള്ള അധികാരം പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ വൈകാതെ തീരുമാനമുണ്ടാകും. കര്‍ഷകരുടെ പരാതി പരിശോധിക്കുന്നതില്‍ തുടങ്ങി വെടിയുതിര്‍ക്കാനുള്ളവരെ ചുമതലപ്പെടുത്തുന്നത് വരെ പ്രസിഡന്റിന് തീരുമാനിക്കാം. വ്യത്യസ്ത ഘട്ടങ്ങളില്‍ മനോരമ ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ മുന്നോട്ടുവച്ച ആശയങ്ങളും പുതിയ തീരുമാനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്. 

പുതിയ തീരുമാനം വരുന്നതോടെ മലയോര മേഖലയില്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ക്ക് ഏറെ സഹായകമാകും. ദുരുപയോഗം ചെയ്യാതിരിക്കാന്‍ കൃത്യമായ കണക്ക് വനംവകുപ്പ് പരിശോധിക്കും. 

MORE IN NORTH
SHOW MORE