മാലിന്യം നിറഞ്ഞ് ഇന്ദിരാ ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം; നാശത്തിന്റെ വക്കിൽ

stadiumwaste-02
SHARE

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് പാലക്കാട് വേദിയൊരുക്കിയ ഇന്ദിരാ ഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടിയില്ല. മാലിന്യം നിറഞ്ഞതിനൊപ്പം മണ്ണ് നീക്കിയതിനാല്‍ മൈതാനം കൃഷിയിടത്തിന് സമാനമായ അവസ്ഥയിലാണ്. നിരവധി കായികതാരങ്ങളുടെ പരിശീലനം മുടങ്ങിയെന്നാണ് ആക്ഷേപം. 

നിരവധി കായിക താരങ്ങള്‍ മുടങ്ങാതെ പരിശീലനത്തിലേര്‍പ്പെട്ടിരുന്ന ഇടം. പ്രഭാത സായാഹ്ന സവാരികള്‍ക്ക് പലരും ആശ്രയിച്ചിരുന്നതും ഈ മൈതാനമാണ്. സര്‍ക്കാര്‍ വാര്‍ഷികത്തിന് വേദിയൊരുക്കിയ സ്റ്റേഡിയം ഇപ്പോള്‍ അഴുക്കുചാലിന് സമാനം. വ്യത്യസ്ത ഭാഗങ്ങളില്‍ മണ്ണെടുത്തതിനാല്‍ പലയിടത്തും കുഴി രൂപപ്പെട്ടിരിക്കുന്നു. മാലിന്യവും ഇരുമ്പാണിയും കമ്പിയുമെല്ലാം പലയിടത്തായി വലിച്ചെറിഞ്ഞിട്ടുണ്ട്. മൈതാനത്തിറങ്ങിയാല്‍ ആര്‍ക്കാണെങ്കിലും പ്രതിരോധ കുത്തിവയ്പ് വേണ്ടിവരുമെന്ന് ചുരുക്കം. വാര്‍ഷികാഘോഷ സമയം കവാടത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മുഖ്യമന്ത്രിയുടെ ചിത്രം ചെളിക്കുണ്ടില്‍ ഉപേക്ഷിച്ചു. ആരു വൃത്തിയാക്കുമെന്നറിയാതെ നിരവധി കായിക മല്‍സരങ്ങള്‍ക്ക് വേദിയായ സ്റ്റേഡിയം നാശത്തിന്റെ വക്കിലേക്ക്. 

പരിശീലനത്തിന് മറ്റ് വഴികളില്ലാത്തതിനാല്‍ ചെളിനിറഞ്ഞ ട്രാക്കിലൂടെയാണ് താരങ്ങളുടെ ഓട്ടം. ഫുട്ബോളും മറ്റ് പരിശീലന മുറകളും താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. മൈതാനം പഴയമട്ടിലാക്കുമെന്ന നഗരസഭയുടെ വാക്ക് ഉദ്യോഗസ്ഥര്‍ മറന്ന മട്ടാണ്. സംഘാടകരും കൈയ്യൊഴിഞ്ഞു. മികവിന്റെ അടയാളമായി നിരവധിപേര്‍ ഒത്തുചേര്‍ന്ന ഇടം സ്വന്തം നിലയില്‍ വൃത്തിയാക്കുന്നതിനാണ് കായിക കൂട്ടായ്മയുടെ തീരുമാനം.

MORE IN NORTH
SHOW MORE