ജപ്തി ഭീഷണിയിൽ അഭിഭാഷകന്റെ ആത്മഹത്യ; പുൽപള്ളി ബാങ്കിലേക്ക് ബഹുജന മാർച്ച്

Bank-protest
SHARE

ജപ്തി ഭീഷണിയെ തുടർന്ന് വയനാട് ഇരുളത്ത് അഭിഭാഷകന്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് പുൽപള്ളിയിലെ ബാങ്കിലേക്ക് ബഹുജന മാർച്ച്. ചട്ടവിരുദ്ധമായാണ് ബാങ്കിന്റെ ജപ്തി നടപടിയെന്നാരോപിച്ച് സര്‍വകക്ഷി ആക്ഷൻ കമ്മറ്റിയാണ് മാര്‍ച്ച് നടത്തിയത്. മരിച്ച എംവി ടോമിയുടെ മൃതദേഹം സംസ്കരിച്ചു.

വിജയാ ഹയർ സെക്കൻഡറി സ്ക്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച്‌ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നിൽ സമാപിച്ചു. കാർഷിക- കാർഷികേതര കടങ്ങളുടെ പേരിൽ ജപ്തി നടപടികൾ പാടില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിന് എതിരായാണ് ബാങ്ക് പ്രവർത്തിച്ചതെന്ന് ആരോപിച്ചായിരുന്നു മാർച്ച്.

കര്‍ഷക സംഘടനയായ എഫ്.ആര്‍.എഫും രാവിലെ ബാങ്ക് ഉപരോധിച്ചു. എന്നാൽ ആരോപണങ്ങൾ സൗത്ത് ഇന്ത്യന്‍ ബാങ്ക് തള്ളി. നിയമാനുസൃതമാണ് കാര്യങ്ങൾ ചെയ്തത് യാതൊരു സമ്മര്‍ദവും ചെലുത്തിയിട്ടില്ല. 30 ലക്ഷത്തോളമുള്ള ടോമിയുടെ ബാധ്യത 16 ലക്ഷമാക്കി ചുരുക്കാൻ നടപടി കൈകൊണ്ടു. തുക തിരിച്ചടയ്ക്കാൻ 10 ദിവസം അവധി നൽകിയതായും ഇത് ട്ടോമിയും കുടുംബവും രേഖാമൂലം അംഗീകരിച്ചതാണെന്നും ബാങ്ക് വിശദീകരിക്കുന്നുണ്ട്.

ഇന്നലെയായിരുന്നു ടോമിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹം ഇരുളത്തെ സെന്റ് സെബാസ്റ്റ്യൻസ് പളളി സെമിത്തേരിയിൽ സംസ്കരിച്ചു.

MORE IN NORTH
SHOW MORE