കൊപ്പം പഞ്ചായത്തിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന് എൽഡിഎഫ്; അവിശ്വാസത്തില്‍ വിമർശനം

koppam-panchayath
SHARE

പാലക്കാട് കൊപ്പം പഞ്ചായത്ത് ഭരണം ഭാഗ്യത്തിലൂടെ യുഡിഎഫ് നേടിയെങ്കിലും വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് എല്‍ഡിഎഫ്. അവിശ്വാസം പാസായതിന് പിന്നില്‍ യുഡിഎഫ്, ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് ആരോപണം. ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. 

പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാൻ യുഡിഎഫിലെ എട്ട് അംഗങ്ങൾക്ക് പുറമെ ബിജെപിയുടെ ഏക പ്രതിനിധിയും പിന്തുണ നൽകിയതോടെയാണ് അവിശ്വാസം പാസായത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗം വിട്ടുനിന്നതോടെ യുഡിഎഫിനും എല്‍‌ഡിഎഫിനും അംഗബലം ഒരുപോലെയായി. പിന്നീടാണ് നറുക്കില്‍ യുഡിഎഫിന് അധ്യക്ഷപദം ലഭിച്ചത്. കൊപ്പം പഞ്ചായത്തിൽ യുഡിഎഫ് ബിജെപി സഖ്യം ശക്തമാകുന്നതിന്റെ പ്രത്യക്ഷ തെളിവാണ് അവിശ്വാസ വോട്ടെടുപ്പിൽ കണ്ടതെന്ന് എല്‍ഡിഎഫ് നേതൃത്വം.

ഇരുമുന്നണികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മുന്‍ പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് യുഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണച്ചതെന്ന് ബിജെപി മുന്‍ പ്രതിനിധി. 

അവിശ്വാസ ചർച്ചയിലെ വോട്ടടുപ്പിൽ നിന്നും വിട്ട് നിൽക്കാൻ ബി.ജെ.പി.നേതൃത്വം എ.പി.അഭിലാഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിപ്പ് ലംഘിച്ചാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. പിന്നാലെ അഭിലാഷിനെ പാര്‍ട്ടി പുറത്താക്കി. ഭരണം നഷ്ടപ്പെട്ടതോടെ യുഡിഎഫിന് ബിജെപി അംഗം നല്‍കിയ പിന്തുണ രാഷ്ട്രീയ ആയുധമാക്കുന്നതിനാണ് എല്‍ഡിഎഫ് നീക്കം.

MORE IN NORTH
SHOW MORE