കുടുംബശ്രീ ഹോട്ടല്‍ പൊളിച്ചു; കണ്ണൂർ കോർപ്പറേഷൻ മേയര്‍ക്കെതിരെ പ്രതിഷേധം

kudumbasree
SHARE

കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ. മോഹനന് എതിരെ കുടുംബശ്രീ പ്രവർത്തകരുടെ പ്രതിഷേധം. കുടുംബശ്രീ ഹോട്ടൽ പൊളിച്ച് നീക്കിയതിന് പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മേയറെ തടഞ്ഞതിന് 18 കുടുംബശ്രീ പ്രവർത്തകർക്കെതിരെ ടൗൺ പൊലീസ് കേസ് എടുത്തു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സമരമാണ് നടക്കുന്നതെന്ന് മേയർ ടി.ഒ മോഹനൻ മനോരമ ന്യൂസിനോട് പറഞ്ഞു.

ടേസ്റ്റി ഹട്ട് എന്ന പേരിൽ കോർപറേഷൻ ഓഫീസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ കഴിഞ്ഞ ഞായററാഴ്ച്ചയാണ് പൊളിച്ച് മാറ്റിയത്. കോർപറേഷൻ ഓഫീസ് വളപ്പിൽ പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഹോട്ടൽ പൊളിച്ചത്. കോർപറേഷൻ അധികൃതർ ജീവിത മാർഗ്ഗം വഴിമുട്ടിച്ചുവെന്ന് ആരോപിച്ച് കുടുംബശ്രീ പ്രവർത്തകർ ഇവിടെ സമരം നടത്തി വരുകയായിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ മേയർ തടഞ്ഞത്, പ്രതിഷേധം കനത്തതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയ പൊലീസ് വാഹനവും ഗേറ്റിന് മുന്നിൽ പ്രവർത്തകർ തടഞ്ഞു. പൊലീസിന്റെ പെരുമാറ്റം നീതിരഹിതമാണെന്നും സമരക്കാർ ആരോപിച്ചു. പ്രതിഷേധങൾക്ക് ഒടുവിൽ  പ്രശ്ന പരിഹാരത്തിന് സി പി എം നേതാക്കളുമായി മേയർ സംസാരിച്ചെങ്കിലും പരിഹാരം ഏത് തരത്തിൽ വേണമെന്നതിൽ തീരുമാനമായില്ല.

MORE IN NORTH
SHOW MORE