കണ്ടക്ടറില്ലാത്ത സ്വകാര്യ ബസ്; ഓട്ടം നിര്‍ത്തിച്ച് ആര്‍.ടി.ഒ

bus
SHARE

കണ്ടക്ടറില്ലാത്ത സ്വകാര്യ ബസിന് സ്റ്റോപ്പിട്ട്് മോട്ടര്‍ വാഹനവകുപ്പ്. പാലക്കാട് വടക്കഞ്ചേരിയില്‍ കണ്ടക്ടറും ക്ലീനറുമില്ലാതെ കഴിഞ്ഞദിവസം സര്‍വീസ് തുടങ്ങിയ ജില്ലയിലെ ആദ്യ സിഎന്‍ജി ബസിന്റെ ഓട്ടം നിര്‍ത്തി. നിയമപ്രകാരം കണ്ടക്ടറില്ലാതെയും ടിക്കറ്റ് നല്‍കാതെയുമുള്ള സര്‍വീസ് അനുവദിക്കാനാകില്ലെന്ന് ആര്‍.ടി.ഒ പറഞ്ഞു. 

യാത്രക്കാരെ വിശ്വാസമെന്ന ആമുഖത്തോടെയാണ് കണ്ടക്ടറില്ലാത്ത ബസ് വടക്കഞ്ചേരി സ്വദേശി നിരത്തിലിറക്കിയത്. വടക്കഞ്ചേരി ആലത്തൂര്‍ പാതയിലായിരുന്നു ഓട്ടം. ടിക്കറ്റ് നിരക്ക് ബസിന്റെ മുന്‍ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം. ആരോടും നിര്‍ബന്ധിച്ച് ടിക്കറ്റ് നിരക്ക് ഈടാക്കില്ല. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള മെച്ചപ്പെട്ട ആശയമെന്നായിരുന്നു പലരുടെയും അഭിപ്രായം. സംഗതി ലളിതമാണെങ്കിലും മോട്ടര്‍ വാഹന വകുപ്പിന്റെ ചട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ബസിന്റെ തുടര്‍ സര്‍വീസ് അനുവദിക്കാനാകില്ലെന്ന് ആര്‍.ടി.ഒ. 

കഴിഞ്ഞദിവസം വൈകീട്ടോടെയാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. കണ്ടക്ടറെ നിയമിച്ച് കൃത്യമായി ടിക്കറ്റ് നല്‍കിയുള്ള യാത്രയെങ്കില്‍ ബസിന്റെ തുടര്‍ സര്‍വീസിന് പ്രതിസന്ധിയുണ്ടാകില്ല. കണ്ടക്ടറില്ലാത്ത ബസെന്ന ആശയം യാത്രക്കാര്‍ ഇഷ്ടപ്പെട്ടെങ്കിലും പുതു പരീക്ഷണത്തില്‍ ജോലി നഷ്ടപ്പെടുമെന്ന പേടി കാരണം പലരും പരാതി നല്‍കുകയായിരുന്നുവെന്നാണ് ബസുടമ പറയുന്നത്. 

MORE IN NORTH
SHOW MORE