കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഒ.പി അടുത്തമാസം പ്രവര്‍ത്തനം തുടങ്ങും

kasaragodmedicalcollage-06
SHARE

നിര്‍മാണം പുരോഗമിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഒ.പി, അടുത്തമാസം ആദ്യം പ്രവര്‍ത്തനം തുടങ്ങും. ഒന്നര വര്‍ഷത്തോളമായി കോവിഡ് ചികില്‍സാകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാകും ഒ.പി. തുടങ്ങുക. രണ്ട് വര്‍ഷത്തിനകം മെഡിക്കല്‍ വിദ്യാഭ്യാസം ആരംഭിക്കുമെന്നും ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ ആരോഗ്യമന്ത്രി പറഞ്ഞു. 

2013 നവംബറിലാണ് കാസര്‍കോട് നിയമസഭ മണ്ഡലത്തിനുള്ളിലുള്ള ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടത്. 2015ല്‍‍ നിര്‍മാണം തുടങ്ങി. എന്നാല്‍ പലവിധ കാരണങ്ങള്‍കൊണ്ട് നിര്‍മാണം ഇഴഞ്ഞു. ഒടുവില്‍ കോവിഡ് കാലത്ത് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്‍റെ പണി പൂര്‍ത്തിയാക്കി കോവിഡ് ചികില്‍സ തുടങ്ങി. ഒടുവിലിപ്പോള്‍ പണി പൂര്‍ത്തിയായ കെട്ടിടത്തില്‍ ഡിസംബര്‍ ആദ്യവാരത്തോടെ ഒ.പി. പ്രവര്‍ത്തനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

മെഡിക്കല്‍ കോളജിന്‍റെ അവശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2023ഓടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 2023–24 അധ്യയന വര്‍ഷത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ആരംഭിക്കാനായേക്കും. നബാര്‍ഡില്‍നിന്ന് 64 കോടി രൂപ മുടക്കിയാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കാസർകോട് പാക്കേജില്‍നിന്നുള്ള 25 കോടിയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു. കിഫ്ബിയില്‍നിന്നനുവദിച്ച 160 കോടി മുടക്കി ആശുപത്രി കെട്ടിടത്തിന്റതുള്‍പ്പെടെയുള്ള നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

MORE IN NORTH
SHOW MORE