അഗ്നിബാധ തുടർക്കഥ; മിഠായിത്തെരുവിൽ സ്ഥാപിച്ച ഹൈഡ്രന്റുകൾ നോക്കുകുത്തി

hydrent-13
SHARE

അഗ്നിബാധ തുടര്‍ക്കഥയായിട്ടും മിഠായിത്തെരുവിലെ ഫയര്‍ ഹൈഡ്രന്‍റുകള്‍ക്ക് ജീവനില്ല. അഞ്ച് കൊല്ലം മുമ്പ് കോടികള്‍ മുടക്കി സ്ഥാപിച്ച ഹൈഡ്രന്‍റുകളെല്ലാം നോക്കുകുത്തികളാണ്. കഴിഞ്ഞ ദിവസം നടന്ന തീപിടുത്തത്തിലും ഹൈഡ്രന്‍റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അഗ്നിരക്ഷാസേന ശ്രമിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. 

മിഠായിത്തെരുവില്‍ തീപിടുത്തം ഉണ്ടാകുമ്പോള്‍ മാനാഞ്ചിറയില്‍ നിന്ന് വെള്ളമെത്തിക്കുകയാണ് പതിവ്. ഇതുണ്ടാക്കുന്ന സമയം നഷ്ടവും അതുവഴിയുണ്ടാകുന്ന നാശനഷ്ടതോത് കുറയ്ക്കാനുമാണ് കോടികണക്കിന് രൂപ ചിലവില്‍ ഹൈഡ്രന്‍റുകള്‍ സ്ഥാപിച്ചത്. ഒന്നും രണ്ടുമല്ല, ഏഴെണ്ണം. അതായത് അഗ്നിബാധയുണ്ടാകുമ്പോള്‍ ഈ ഹൈഡ്രന്‍റുകള്‍ വഴി സുഗമമായി എത്ര വെള്ളം വേണമെങ്കിലും എത്തിക്കാം. അഗ്നിരക്ഷാ സേനയുടെ വാഹനമില്ലാതെ തന്നെ. മണ്ണിനടിയിലൂടെ സ്ഥാപിച്ച പൈപ്പ് വഴിയാണ് ഹൈഡ്രന്‍റിലേയ്ക്ക് വെള്ളമെത്തുക. 

എന്നാല്‍ ഹൈഡ്രന്‍റുകള്‍ സ്ഥാപിച്ചുവെന്നല്ലാതെ ഇതുവരെ ഈ സൗകര്യം പ്രയോജനപ്പെടുത്താനായിട്ടില്ല. ഹൈഡ്രന്‍റുകളുടെ ചുമതല അഗ്നിരക്ഷാസേനയ്ക്ക് ആണെങ്കിലും വെള്ളമെത്തിക്കേണ്ടത് ജല അതോറിറ്റിയാണ്. പലപ്പോഴും അഗ്നിബാധ ഉണ്ടാകുമ്പോള്‍ മാലിന്യം കലര്‍ന്ന വെള്ളം പോലും ഉപയോഗിക്കേണ്ടി വരും. ഇത് ഹൈഡ്രന്‍റുകള്‍ വഴി നല്‍കിയാല്‍ കുടിവെള്ളത്തില്‍ കലര്‍‍ന്ന് നഗരത്തില്‍ ശുദ്ധജല ക്ഷാമം ഉണ്ടാകാനിടയുണ്ട്. അതിനാല്‍ ഹൈഡ്രന്‍റുകള്‍ക്കായി പ്രത്യേക പൈപ്പ് സ്ഥാപിക്കുകയാണ് പരിഹാരമാര്‍ഗം. 64,000 രൂപയാണ് പൈപ്പ് സ്ഥാപിക്കാന്‍ ചെലവാകുക. എന്നാല്‍ ഈ തുക വകയിരുത്താന്‍ കോര്‍പ്പറേഷനായിട്ടില്ല. വിഷയം അടിയന്തരമായി മേയറുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് മിഠായിത്തെരുവിലെ വ്യാപാരികളുടെ ശ്രമം. 

MORE IN NORTH
SHOW MORE
Loading...
Loading...