സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് വൈകുന്നു; 6 മാസമായി ശമ്പളമില്ല; അധ്യാപകർ ദുരിതത്തിൽ

koppam-11
SHARE

സ്കൂളിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് വൈകുന്നത് കാരണം കഴിഞ്ഞ ആറ് മാസമായി ശമ്പളമില്ലാതെ പ്രതിസന്ധിയിലായി പാലക്കാട് വിളയൂര്‍ പേരടിയൂര്‍ എ.എല്‍.പി സ്കൂള്‍ അധ്യാപകര്‍. മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉചിതമായ നടപടിയില്ലാത്തതാണ് തടസമെന്ന് അധ്യാപകര്‍ പറഞ്ഞു. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ജനകീയ കമ്മിറ്റിയും രംഗത്തുണ്ട്. 

നൂറ്റിപ്പതിമൂന്ന് വര്‍ഷം പഴക്കമുള്ള സ്കൂളില്‍ മുന്നൂറ്റി നാല്‍പ്പതിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. വെള്ളായക്കടവത്ത് കുടുംബത്തിന്റെ ഉടമസ്ഥതതിയുള്ളതാണ് സ്കൂള്‍. ഒരുവര്‍ഷം മുന്‍പ് മാനേജര്‍ സ്ഥാനമൊഴിഞ്ഞെങ്കിലും പകരം ആരും ചുമതലയേറ്റില്ല. ഇക്കാരണത്താല്‍ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ പൂര്‍ണമായും പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല. കഴിഞ്ഞ അധ്യയനവര്‍ഷം സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്നുള്ള ഫിറ്റ്നസും ലഭിച്ചില്ല. ഇതോടെയാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപകരുടെ ശമ്പളം തടഞ്ഞത്. കോവിഡിനെത്തുടര്‍ന്ന് സ്കൂളിലെത്തിയുള്ള അധ്യയനമില്ലെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളാണ്. ശമ്പളം ലഭിക്കാത്ത സാഹചര്യം കടുത്ത പ്രതിസന്ധിയാണെന്ന് അധ്യാപകര്‍. 

പ്രതിസന്ധി മറികടക്കാന്‍ അധ്യാപകര്‍ സ്വന്തംനിലയില്‍ അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് കെട്ടിടം നവീകരിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കമ്മിറ്റിയും നിലവില്‍ വന്നു. അധ്യാപകരുടെ സ്ഥിതി വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടലുണ്ടാകുമെന്നാണ് ഇവരുെട പ്രതീക്ഷ.

MORE IN NORTH
SHOW MORE
Loading...
Loading...