ചേകാടി വഴിയുള്ള വനപാത നവീകരിക്കണം; ആവശ്യവുമായി നാട്ടുകാർ

chegadiroad-11
SHARE

വയനാട്ടില്‍ കബനി നദിക്ക് കുറുകെ ചേകാടിയിൽ നിർമിച്ച പാലത്തിലൂടെ മാനന്തവാടി, കർണാടക ഭാഗങ്ങളിലേക്ക് എളുപ്പമെത്താവുന്ന വനപാത നവീകരിക്കണമെന്ന ആവശ്യം ശക്തം. ഉദയക്കര മുതൽ ചേകാടി വരെ വനത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത് റോഡിന് വീതി കുറവാണ്. ഒരു കെഎസ്ആർടിസി ബസ് ഇതുവഴി വനഗ്രാമത്തിലേക്ക് സർവീസ് നടത്തുന്നുണ്ടെങ്കിലും വലിയ ബസുകൾക്കും ചരക്കുവാഹനങ്ങൾക്കും കടന്നുപോകാനാകില്ല. 

കര്‍ണാടകയിലെ കുട്ട, ഗോണിക്കുപ്പ, കുടക്, എച്ച്.ഡി കോട്ട എന്നിവടങ്ങളിലേക്കുള്ള ബാവലി അതിര്‍ത്തിയിലേക്ക് പുല്‍പള്ളി, പൂതാടി, മുള്ളന്‍ക്കൊല്ലി പഞ്ചായത്തുകളില്‍നിന്നുള്ള എളുപ്പ വഴിയാണിത്. മാനന്തവാടിയിലേക്ക് കാട്ടികുളം വഴിയും വേഗത്തില്‍ പോകാനാകും. നാലുഭാഗവും വനത്താല്‍ ചുറ്റപ്പെട്ട ചേകാടി ഗ്രാമത്തില്‍ കബനി നദിക്ക് കുറുകെയുള്ള പാലത്തിന്റെ പണി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായതാണ്. പക്ഷെ റോഡിന് വീതിയില്ലാത്തതിനാല്‍ വാഹനഗതാഗതം ബുദ്ധിമുട്ടാണ്. ഉദയക്കര മുതൽ ചേകാടി വരെ റോഡ് വീതി കൂട്ടുകയും ഗതാഗത തടസമുണ്ടാക്കുന്ന ഏതാനും മരങ്ങൾ മുറിച്ചുമാറ്റുകയും വേണം. പുൽപള്ളി–ചേകാടി ബാവലി റോ‍ഡ് മരാമത്ത് വകുപ്പ് ഏറ്റെടുത്ത് നിർമിക്കണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്.

പാലത്തിനപ്പുറം ബാവലി-ഷാണമംഗലം റോഡ് പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതിയില്‍ അടുത്തിടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. തോണിക്കടവ്-ചേകാടി അപ്രോച്ച് റോഡും നന്നാക്കിയിരുന്നു.  രാഷ്ട്രീയ–ഭരണ സംവിധാനങ്ങള്‍ കൂട്ടായി ശ്രമിച്ച് പുല്‍പള്ളി–ചേകാടി റോഡ് വികസിപ്പിച്ചാല്‍ വയനാടിന്റെ വികസനത്തിന് മുതല്‍കൂട്ടാകുന്ന സംസ്ഥാനാന്തര പാതയായി ഇതിനെ മാറ്റാനാവും. കര്‍ണാടകയിലേക്കുള്ള ചരക്കുനീക്കവും എളുപ്പമാകും.

MORE IN NORTH
SHOW MORE
Loading...
Loading...