പുതിയ പശുവിനെ സമ്മാനിച്ച് ക്ഷീര വികസന വകുപ്പ് ഓഫീസർ; മാണിക്യരാജന്റെ കണ്ണീർ തോർന്നു

cow-29
SHARE

അജ്ഞാതരുടെ  വെടിയേറ്റ് നഷ്ടമായ പശുവിന് പകരം മറ്റൊരെണ്ണം സമ്മാനിച്ച് കര്‍ഷകന് കൈത്താങ്ങായി ക്ഷീരവികസന വകുപ്പ് ഓഫിസര്‍. പാലക്കാട് മലമ്പുഴ സ്വദേശി മാണിക്യരാജന് സഹായവുമായാണ് എം.എസ്.അഫ്സ വീട്ടിലെത്തിയത്. ഉപജീവനമാര്‍ഗത്തിനുള്ള വഴി വീണ്ടും തെളിഞ്ഞതിന്റെ സന്തോഷത്തിലാണ് മാണിക്യരാജന്‍. 

വനാതിര്‍ത്തിയില്‍ മേയാന്‍ വിട്ട പശുവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞദിവസം. ഒരാഴ്ച മുന്‍പ് ആടിനെ പുലി പിടിച്ചതിന്റെ ആഘാതം മാറും മുന്‍പുണ്ടായ ഇരട്ടി നഷ്ടം ക്ഷീരകര്‍ഷകനായ മാണിക്യരാജിനെ വല്ലാതെ തളര്‍ത്തി. അവിടെയാണ് ആശ്വാസ വാക്കിലല്ല പ്രവൃത്തിയിലാണ് കാര്യമെന്ന് ഓര്‍മിപ്പിച്ച് സഹായമെത്തിയത്. ഈ കരുതലിലൂെടയാണ് ഇനി മാണിക്യരാജിന്റെ കുടുംബം പച്ചപിടിക്കേണ്ടത്. 

ക്ഷീരകര്‍ഷകര്‍ ഏറെയുള്ള ജില്ലയില്‍ അവരുടെ പരിമിതികളും അഫ്സയ്ക്ക് നന്നായി അറിയാം. പശുവിനെ നഷ്ടപ്പെട്ട കര്‍ഷകന് ഈ മേഖലയില്‍ തുടരാനുള്ള മനസുറപ്പിക്കുകയായിരുന്നു ലക്ഷ്യം. കുടുംബാംഗങ്ങളും നന്‍മയുള്ള പ്രവൃത്തിക്ക് പിന്തുണയുമായെത്തി. 

നഷ്ടപ്പെട്ട പശുവിന് പകരമാകില്ലെങ്കിലും മാണിക്യരാജന് അല്‍പ്പം ആശ്വാസം. എന്നാല്‍ പശുവിനെ വെടിയുതിര്‍ത്ത് വീഴ്ത്തിയ ശേഷം രക്ഷപ്പെട്ടയാളെക്കുറിച്ച് ഇതുവരെ പൊലീസിനോ വനംവകുപ്പിനോ യാതൊരു തുമ്പുമില്ലെന്നതാണ് യാഥാര്‍ഥ്യം. 

MORE IN NORTH
SHOW MORE
Loading...
Loading...